ന്യൂദല്‍ഹി: തീരുവ കുറച്ച് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിനോടുള്ള എതിര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചത്.

ടയര്‍ വ്യവസായികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പവാറിനെ അറിയിച്ചു. സംസ്ഥാനത്തിനുള്ള പദ്ധതി വിഹിതം സംബന്ധിച്ച് ആസൂത്രണ കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഇതിന്റെ ഭാഗമായിട്ടാണ് ശരത്പവാറുമായി കൂടിക്കാഴ്ച നടത്തിയത്.