ന്യൂദല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസും വിവരാവകാശ നീയമത്തിന്റെ പരിധിയില്‍ വരുമെന്ന് ദല്‍ഹി ഹൈക്കോടതി വിധി. ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ചരിത്രപരമായ വിധി.

കോടതി ഉന്നതമായതിനാല്‍ ഉത്തരവാദിത്തവും ഉന്നതമായിരിക്കുമെന്ന് വിധിന്യായത്തില്‍ ജസ്റ്റിസുമാരായ എ പി ഝാ, മുരളീധര്‍ തുടങ്ങിയവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമപരമായ അവകാശമല്ല, നിയമപരമായ ഉത്തരവാദിത്വമാണ് കോടതിക്ക് ഉള്ളത്. എന്നാല്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുന്ന തരത്തില്‍ ആരും വിധിന്യായത്തെ ദുര്‍വിനിയോഗം ചെയ്യരുത്. ദല്‍ഹി ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും അടുത്ത ആഴ്ചക്കകം സ്വത്ത് വിവരം വെളിപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി.

സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി വിവരാവകാശ നിയമം അനുസരിച്ച് ചീഫ് ജസ്റ്റീസിന്റെ ഓഫീസിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് മുഖ്യ വിവരാവകാശ ഓഫീസറെ സമീപിച്ചതോടെയാണ് രാജ്യശ്രദ്ധ പിടിച്ചു പറ്റിയതും നിയമ വിപ്ലവത്തിന് കാരണമാകുന്നതുമായ വ്യവഹാരത്തിന് തുടക്കമായത്. അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ സുപ്രീം കോടതിയോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതി വിവരാവകാശ കമ്മീഷന്റെ അപ്പലേറ്റ് അതോററ്റിയായ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിവരങ്ങള്‍ കൈമാറണമെന്ന വിവരാവകാശ ഓഫിസറുടെ നിര്‍ദ്ദേശത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ശരിവെച്ചു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചിനെ സുപ്രിംകോടതി സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇന്ന് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.

സ്വത്ത് വിവരങ്ങള്‍ക്കൊപ്പം സുപ്രീം കോടതിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന മറ്റ് കാര്യങ്ങളും വിധിപ്രകാരം പൊതു ജനങ്ങള്‍ക്ക് ലഭ്യമാകും. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളുടെ നടപടി ക്രമങ്ങള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസാണ്. സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ചീഫ് ജസ്റ്റീസിനാണ്. ദല്‍ഹി ഹൈക്കോടതി വിധിയ്ക്കതിരെ സുപ്രിംകോടതിയ്ക്ക് സ്വമേധയാ അപ്പീല്‍ പരിഗണിയ്‌ക്കേണ്ട സ്ഥിതിയാണുള്ളത്.