ജയ്പൂര്‍: രാജസ്ഥാനില്‍ ആര്‍.ടി.ഐ ആക്ടിവിസ്റ്റിന് നേരെ ഗുണ്ടാ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അറുപത്തിയഞ്ചുകാരന്‍ ആശുപത്രിയില്‍ ജീവനോട് മല്ലടിക്കുന്നു. രാജസ്ഥാനിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പോരാട്ടം നടത്തുന്ന ദുധ്രാമിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ ബിക്കാനെര്‍ ജില്ലയിലെ നോക്ക സിറ്റിയ്ക്കടുത്തുള്ള സൊമാല്‍സര്‍ ഗ്രാമത്തിന്റെ മുന്‍ തലവനാണ് ഡുധ്രാം. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒമ്പതിടത്ത് മുറിവേല്‍ക്കുകയും കിഡ്‌നിക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ അഴിമതി
തുറന്നുകാട്ടുന്നതിനായുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ചേതന്‍ റാം പറഞ്ഞു.

പഞ്ചായത്തിലെ ഇപ്പോഴത്തെ തലവനെ പിന്തുണക്കുന്നവരാണ് ഡുധ്രാമിനെയും കുടുംബത്തെയും ആക്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ കുടുംബവും
സാമൂഹ്യപ്രവര്‍ത്തകരും പറയുന്നത്. ഇപ്പോള്‍ ഐ.സി.യുവിലുള്ള ഡുധ്രാമിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും എന്നാല്‍ തിരിച്ചുവരാന്‍ സമയമെടുക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

2010 നോഖയില്‍ 1.2 കോടി രൂപ ചിലവിട്ട് ആറ് റോഡുകളാണ് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് ഡുധ്രാം പരാതി
നല്‍കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. 2011 ആയിട്ടും പണിപൂര്‍ത്തിയാവാത്ത ഈ റോഡിന്റെ മുകളിലെ മണല്‍
വൃത്തിയാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും വീണ്ടും പണം അനുവദിച്ചുകൊടുത്തിട്ടുണ്ടെന്നും ധുധ്രാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു പണിയും നടന്നിട്ടില്ലെങ്കിലും നാല് കോടി രൂപയോളം ശമ്പളം നല്‍കിയതായി കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അവിടെ പണിയൊന്നും നടന്നിട്ടില്ലെന്ന് എഞ്ചിനിയര്‍മാരും കലക്ടര്‍മാരും റിപ്പോര്‍ട്ട് നല്‍കിയതോടെ ജയ്പൂരില്‍ നിന്നും സംഘം പരിശോധനയ്ക്കായി
വന്നു. ഇതിനിടെയാണ് ധുധ്രാമിന് നേരെ ആക്രമണമുണ്ടായത്.

Malayalam news

Kerala news in English