rti-actന്യൂദല്‍ഹി.: വ്യക്തിയുടെ വരുമാനവും അയാള്‍ കൊടുക്കുന്ന നികുതിയും എത്രയെന്ന് ആര്‍ക്കും അറിയാവുന്ന രീതിയില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിയമം വരുന്നു. തീരുമാനം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ വ്യക്തികളുടെ ധനകാര്യ രഹസ്യം ഇല്ലാതാകും.

വ്യക്തിയുടെ സ്വകാര്യമായ വിവരങ്ങള്‍ ഒരു ബന്ധവുമില്ലാത്ത മൂന്നാമതൊരാള്‍ അറിയുന്നത് തടയുന്നതിന് ഇപ്പോഴത്തെ വിവരാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്. നികുതി റിട്ടേണുകള്‍ സംബന്ധിച്ച വിവരം വിവരാവകാശപ്രകാരമാണെങ്കില്‍ പോലും മറ്റൊരാള്‍ക്ക് നല്‍കുന്നതിന് നിലവില്‍ സാധ്യമായിരുന്നില്ല.

റിട്ടേണ്‍ സമര്‍പ്പിച്ച ആള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമായിരുന്നു. എന്നാല്‍ കേന്ദ്ര വിവരാവകാശകമ്മീഷന്റെ ഡിസ. 14 ാം തിയ്യതിയിലെ തീരുമാനമനുസരിച്ച്, റിട്ടേണിലെ ഉള്ളടക്കം റിട്ടേണ്‍ നല്‍കിയ ആളുടെ സമ്മതം ഇല്ലാതെ തന്നെ മൂന്നാമതൊരാള്‍ക്കു നല്‍കാം.

എസ്‌കോര്‍ട്‌സ് ഹാര്‍ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും അവിടെ ജോലിചെയ്യുന്ന ഒരു ഡോക്റ്ററുടെയും വരുമാന നികുതിക്കണക്കുകള്‍ ചോദിച്ച രാകേഷ് കുമാര്‍ ഗുപ്ത ആവശ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഈ തീരുമാനം.