കോഴിക്കോട്: ഇടതുപക്ഷം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനം വര്‍ഗ്ഗീയ സംഘടനയായ ആര്‍.എസ്.സിനെ ന്യായീകരിച്ച്
രംഗത്ത്. ആര്‍.എസ്.എസ് രാജ്യത്തിന്റെ വികസനത്തിനും ദേശ സ്‌നേഹത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്നും കത്തോലിക്ക സഭയുടെ അടിസ്ഥാന നിലപാടുകളാണ് ആര്‍.എസ്.എസിനുള്ളതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിര്‍ബന്ധിച്ചും പ്രേരണയോടെയുമുള്ള മതപരിവര്‍ത്തനം പാടില്ലെന്നാണ് കത്തോലിക്ക സഭയുടെ നിയമാവലികളില്‍ പറയുന്നത്. ഇതേ നയം തന്നെയാണ് ആര്‍.എസ്.എസിനുമുള്ളത്. രാജ്യത്തെ പാവപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ട് വരണമെന്നും അതിലൂടെ രാജ്യത്തെ വികസിപ്പിക്കണമെന്നുമാണ് ആര്‍.എസ്.എസ് നയം. പട്ടിണി അനുഭവിക്കുന്നവന് അപ്പം നല്‍കാനാണ് ക്രിസ്ത്യാനിറ്റിയും പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഈ രണ്ട് നിലപാടുകളും തമ്മില്‍ ഏറ്റുമുട്ടുന്നില്ല.

മനുഷ്യ ജീവിതത്തില്‍ അച്ചടക്ക ബോധം വേണമെന്നാണ് ഇരു സംഘടനകളും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ 47 മുതല്‍ നിരവധി വര്‍ഗ്ഗീയ കലാപങ്ങളാണ് ഉണ്ടായത്. എന്നാല്‍ 2002 മുതല്‍ അവിടെ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. വികസനത്തിനും ദാരിദ്ര്യ നിര്‍മ്മാജ്ജനത്തിനുമാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ട് ലഭിച്ചാണ് നരേന്ദ്രമോഡി വിജയിച്ചത്. അതുകൊണ്ട് അവിടത്തെ മുസ്‌ലിംകള്‍ ബി.ജെ.പിക്കെതിരാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.

പിന്നെ കലാപത്തിന് കാരണമായത് ഗോധ്ര സംഭവമാണ്. പള്ളി ആക്രമിക്കപ്പെട്ടാല്‍ പള്ളി മണിയടിച്ച് ആളെക്കൂട്ടുന്ന സ്വഭാവം ക്രിസ്ത്യാനികള്‍ക്കുണ്ട്. അതുപോലെ തന്നെയാണ് ഗുജറാത്ത് കലാപവുമുണ്ടായത്. ഗോധ്ര സംഭവത്തില്‍ 16 പേരെ ഇപ്പോള്‍ കോടതി വധശിക്ഷക്ക് വിധിച്ചു കഴിഞ്ഞു. ഗോധ്ര സംഭവത്തിന്റെ മാനുഷികമായ പ്രതികാരം മാത്രമാണ് ഗുജറാത്ത് കലാപം.

1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 3000ത്തോളം സിക്കുകാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. അതുകൊണ്ട് കോണ്‍ഗ്രസുകാരെ ആരും വര്‍ഗ്ഗീയ സംഘടനയെന്ന് പറയുന്നില്ല. വികസനം മാത്രമാണ് ഇപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്.എസും മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.