എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് അനുകൂല ആശയങ്ങള്‍ പഠിപ്പിക്കുന്നു; ബംഗാളിലെ 125 സ്‌കൂളുകള്‍ക്ക് സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
എഡിറ്റര്‍
Friday 10th March 2017 7:03pm

കൊല്‍ക്കത്ത: ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ആര്‍.എസ്.എസ്സിന്റെ ആശയങ്ങള്‍ പഠിപ്പിക്കുന്നു എന്ന് പരാതി ലഭിച്ച 125 സ്‌കൂളുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്‌കൂളുകള്‍ക്കാണ് നോട്ടീസ്.

വിദ്യാഭ്യാസ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ആര്‍.എസ്.എസ് ആശയം പഠിപ്പിക്കുന്ന സ്‌കൂളുകളെ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. നോട്ടീസ് അയച്ച 125 സ്‌കൂളുകളില്‍ 96 എണ്ണത്തിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സര്‍ക്കാറിന്റെ എന്‍.ഒ.സി (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ 300ലേറെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് പിന്തുണയോടെയാണ് എന്ന് ഒരു സി.പി.ഐ.എം അംഗം നിയസഭയില്‍ പറഞ്ഞിരുന്നു. ശാരദ സിന്ധു തീരത്ഥ്വ, സരസ്വതി സിന്ധു മന്ദിര്‍, വിദ്യ വികാസ് പരിഷത്ത് എന്നീ സംഘടനകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ സ്‌കൂളുകള്‍ ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

എന്നാല്‍ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ ജനപ്രീതി നേടി ബി.ജെ.പി മുന്നേറുന്നതിനെ തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്‌കൂളുകള്‍ക്ക്‌നേരെയുള്ള സര്‍ക്കാറിന്റെ നടപടിയെന്ന് ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകളേയും മദ്രസകളേയും നിരീക്ഷിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു.

 

Advertisement