എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രിയാരാവണമെന്ന് തീരുമാനിക്കേണ്ടത് നിതീഷ്‌കുമാറല്ല: മോഡിക്ക് ആര്‍.എസ്.എസ് പിന്തുണ
എഡിറ്റര്‍
Wednesday 20th June 2012 12:06pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറ്റിയ ആളല്ല നരേന്ദ്രമോഡിയെന്ന ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ്‌കുമാറിന്റെ പ്രസ്താവനയ്ക്ക് ആര്‍.എസ്.എസിന്റെ പിന്തുണ. ഏത് തരത്തിലുള്ള ആളാണ് പ്രധാനമന്ത്രിയാവേണ്ടതെന്ന് തീരുമാനിക്കുന്നത് നിതീഷ് കുമാറാണോയെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗത് പറഞ്ഞു.

മതേതര പ്രതിച്ഛായയുള്ള ആളാവണം പ്രധാനമന്ത്രിയെന്നും അങ്ങനെയല്ലാത്ത ഒരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും  നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ മതവിശ്വാസങ്ങളും പല ഭാഷകളുമുള്ള രാജ്യമാണ് ഇന്ത്യ. അതിന്റെ നേതാവിന്റെത് കര്‍ക്കശ വ്യക്തിത്വമാകരുതെന്നും നിതീഷ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആര്‍.എസ്.എസ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ബി.ജെ.പി തന്നെയാകരുതെന്നും കൂട്ടായ തീരുമാനത്തിലൂടെയാവണമെന്നും ശിവസേനയും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഡിയെ പിന്തുണച്ച് ആര്‍.എസ് .എസ് മേധാവി തന്നെ രംഗത്തുവന്നിരിക്കുന്നത്.

നിതീഷ് കുമാറിനെ കണക്കറ്റ് വിമര്‍ശിച്ച ആര്‍.എസ്.എസ് നിതീഷിന് ഹിന്ദുവാണെന്ന് പറയുന്നത് കുറച്ചിലാണെന്നും ആരോപിച്ചു.

സുഷമാ സ്വരാജും എല്‍.കെ അദ്വാനിയും നരേന്ദ്രമോദിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷമായി.

2014 തിരഞ്ഞെടുപ്പിന് മുമ്പുതന്നെ എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നും മതേതര പാരമ്പര്യവും വിശാല ചിന്താഗതിയുമുള്ള ആളായിരിക്കണം സ്ഥാനാര്‍ത്ഥിയെന്നും ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
മോഡിയുടെ പേര് പറഞ്ഞില്ലെങ്കിലും മോഡിയെ പ്രധാനമന്ത്രിയായി എന്‍.ഡി.എ മുഖ്യഘടകകക്ഷിയായ ജനതാദള്‍ യു അംഗീകരിക്കില്ലെന്നാണ് നിതീഷിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബീഹാറിലെ ബി.ജെ.പി നേതൃത്വത്തിന്റെയും ശിവസേനയുടെയും പിന്തുണയോടെയായിരുന്നു നിതീഷിന്റെ നിലപാട്.  എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പിക്ക് ഒറ്റക്ക് തീരുമാനിക്കാനാവില്ലെന്നും ജനതാദള്‍യു ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ താല്‍പര്യം പരിഗണിച്ചായിരിക്കണം തീരുമാനമെന്നും   ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോഡി വ്യക്തമാക്കിയിരുന്നു.

എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിനുമുമ്പേ പ്രഖ്യാപിക്കണമെന്ന് നിതീഷ് പറഞ്ഞത് അംഗീകരിക്കുന്നെന്ന് പറഞ്ഞ് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. ഇതോടെ, മോഡിയുടെ പ്രധാനമന്ത്രി മോഹം ബി.ജെ.പിക്കുള്ളില്‍ എന്നപോലെ എന്‍.ഡി.എയിലും അസ്വാരസ്യം വിത്തിട്ടിരിക്കുകയാണ്.  നിതീഷ്‌കുമാര്‍ മോഡിയുടെ പേര് പറയാതെയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍, മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ തുനിഞ്ഞാല്‍ തന്റെ പാര്‍ട്ടി എന്‍.ഡി.എയുമായി വഴിപിരിയുമെന്ന് ജനതാദള്‍ യുവിലെ മറ്റൊരു പ്രമുഖന്‍ ദേവേശ് ചന്ദ്ര ഠാക്കൂര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ മുംബൈ ദേശീയ എക്‌സിക്യൂട്ടിവില്‍ പാര്‍ട്ടിയിലെ തന്റെ ബദ്ധശത്രുവായ സഞ്ജയ് ജോഷിയെ പുകച്ചു പുറത്തുചാടിച്ച മോഡി ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് ചരടുവലി തുടങ്ങിയത്. നിതീഷും മോഡിയും തമ്മിലുള്ള പോരിന് ഏറെ പഴക്കവുമുണ്ട്.

Advertisement