എഡിറ്റര്‍
എഡിറ്റര്‍
ഏകപക്ഷീയമായി സമാധാനമുണ്ടാക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല; അക്രമിച്ചാല്‍ തിരിച്ചടിക്കും; സി.പി.ഐ.എമ്മിനെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് പ്രാന്ത്പ്രചാരക് ഗോപാലന്‍ കുട്ടി
എഡിറ്റര്‍
Friday 28th July 2017 2:36pm

തിരുവനന്തപുരം: ഏകപക്ഷീയമായി സമാധാനമുണ്ടാക്കാമെന്ന് ആര്‍.എസ്.എസ് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും സമാധാനം ഉണ്ടാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും ആര്‍.എസ്.എസ് പ്രാന്ത്പ്രചാരക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍.

ആ സമാധാനത്തോട് തങ്ങള്‍ യോജിക്കും. എന്നാല്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്താല്‍ നിയന്ത്രിക്കാനാകില്ല എന്നും ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു.


Dont Miss പനാമ കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് സുപ്രീം കോടതി: ഉടന്‍ രാജിവെയ്ക്കണമെന്നും ഉത്തരവ്


തിരുവനന്തപുരത്തെ ആക്രമണങ്ങളില്‍ തിരിച്ചടിയുണ്ടായേക്കും. ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ബിജെപിയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കാന്‍ സി.പി.ഐ.എമ്മിലെ ഒരു വിഭാഗം ശ്രമിക്കുകയാണ്. അക്രമം തുടര്‍ന്നാല്‍ സ്വാഭാവികമായും തിരിച്ചടിക്കേണ്ടിവരുമെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയും, കോടിയേരി ബാലകൃഷ്ണനുമായിരിക്കുമെന്നും ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പ്രതികരിച്ചു.

തലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ ബി.ജെ.പി സി.പി.ഐ.എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പുലര്‍ച്ചെയാണ് ബിനീഷ് കോടിയേരിയുടെ വീടിനു നേരേയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണം ഉണ്ടാകുന്നത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

അക്രമരാഷ്ട്രീയത്തിലൂടെ ശ്രദ്ധ നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.അവര്‍ക്കറിയാവുന്ന രാഷ്ട്രീയം ഫാസിസത്തിന്റേതാണ്. അതാണ് അവര്‍ ചെയ്യുന്നത്.

ജില്ലയില്‍ വ്യാപകമായി ബി.ജെ.പിയും ആര്‍.എസ്.എസും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ആശയപരമായി നേരിടുന്നതിന് പകരം, കായികപരമായി നേരിടുന്ന രാഷ്ട്രീയമാണ് ബി.ജെ.പി കാണിക്കുന്നതെന്നും ബിനീഷ് പ്രതികരിച്ചിരുന്നു.

അതേസമയം ബിജെപിയുടെ ആസൂത്രിത നീക്കമാണ് ആക്രമണ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് കോടിയേരി പ്രതികരിച്ചു. ആക്രമണത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. വിഷയത്തില്‍ ജനങ്ങള്‍ രംഗത്ത് എത്തണമെന്നും ജനവികാരം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

Advertisement