shabnam-hashmiന്യൂദല്‍ഹി: ബാബാ രാംദേവിന്റെ സമരപ്പന്തല്‍ കത്തിക്കാന്‍ സംഘപരിവാര്‍ പദ്ധതി ആസൂത്രണം ചെയ്തതായി വെളിപ്പെടുത്തല്‍. സാമൂഹിക പ്രവര്‍ത്തകയായ ശബ്‌നം ഹാഷ്മിയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത് ഇതു സംബന്ധിച്ച് തനിക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആര്‍.എസ്.എസ് ആണ് ഇതിന് പദ്ധതിയിട്ടതെന്നും അവര്‍ പറഞ്ഞു.

പന്തല്‍ കത്തിച്ച് വര്‍ഗ്ഗീയ വികാരമുണര്‍ത്താനും അതുവഴി മുതലെടുപ്പ് നടത്താനുമായിരുന്നു അവരുടെ പദ്ധതി. ഗോധ്രയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.

ഞായറാഴ്ച പുലര്‍ച്ചെ പന്തലിന് തീവെക്കാനായിരുന്നു ആര്‍.എസ്.എസ് പദ്ധതിയെന്ന് ശബ്‌നം ഹാഷ്മി വ്യക്തമാക്കി. ഇതുസംബന്ധിച്ച് നൂറു ശതമാനം ഉറപ്പിക്കാവുന്ന വിവരമാണ് തനിക്ക് ലഭിച്ചത്. രാജ്യത്താകെ വര്‍ഗ്ഗീയമായ വിഭജനമുണ്ടാക്കാന്‍ ഇതുവഴി കഴിയുമെന്ന് ആര്‍.എസ്.എസ് കണക്കുകൂട്ടിയിരുന്നു.

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ തെളിവുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹിന്ദുത്വ ഭീകരതയെക്കുറിച്ച് നേരത്തെ പറഞ്ഞപ്പോഴും തെളിവുകള്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ശബ്‌നം മറുപടി പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഗൂഢപദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന് അറിയാമായിരുന്നുവെന്നും അതിനാലാണ് പുലര്‍ച്ചെ ഒന്നരക്ക് രാംദേവിനെ സ്ഥലത്ത് നിന്ന് മാറ്റിയതെന്നും അവര്‍ പറഞ്ഞു.

അക്രമം നടത്താനുള്ള തയ്യാറെടുപ്പോടെയാണ് അനുയായികള്‍ സമരപ്പന്തലിലെത്തിയതെന്ന് ദല്‍ഹി പോലീസും പറയുന്നു. ഇഷ്ടിക, കല്ല്, ബേസ്‌ബോള്‍ കളിക്കുള്ള ബാറ്റ് എന്നിവ അനുയായികള്‍ സമരപ്പന്തലില്‍ ശേഖരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

ഏത് സ്രോതസ്സില്‍ നിന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും അത് കേന്ദ്ര സര്‍ക്കാറാണ് അന്വേഷിക്കേണ്ടതെന്നും ശബ്‌നം ഹാഷ്മി വ്യക്തമാക്കി.