രണ്ടാം മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ശ്രീധരന്‍പിള്ളയും പാണക്കാട് തങ്ങളും രഹസ്യചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിനെതിരെ ആര്‍.എസ്.എസ് പരസ്യമായി രംഗത്ത്. ‘ജന്മഭൂമി’ക്ക് പിന്നാലെ ആര്‍.എസ്.എസ് മുഖവാരികയായ ‘കേസരി’യുടെ ഇന്ന് പുറത്തിറങ്ങുന്ന ലക്കത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണനാണ് ശ്രീധരന്‍ പിള്ളക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

‘തങ്ങളുടെ പ്രതിച്ഛായ മിനുക്കാന്‍ മാറാട്ടെ ചരിത്രം വളച്ചൊടിക്കണോ?’ എന്നപേരിലെഴുതിയ ലേഖനത്തിലാണ് സംഘ്പരിവാര്‍ നിലപാട് വ്യക്തമാക്കുന്നത്. ബി.ജെ.പിയിലെ ആര്‍.എസ്.എസ് പക്ഷവും ആര്‍.എസ്.എസ് വിരുദ്ധ പക്ഷവും തമ്മിലുള്ള പോര് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

മാറാട് പ്രക്ഷോഭം നയിച്ചത് ഹിന്ദു ഐക്യവേദിയും മാറാട് അരയസമാജവുമായിരുന്നെന്നും വ്യക്തിതലത്തിലോ ഒറ്റപ്പെട്ടതോ ആയ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആരെയും അതിന് ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പറയുന്ന ലേഖനം, ശ്രീധരന്‍പിള്ളയുടേതായി വന്ന അഭിപ്രായങ്ങള്‍ ഹിന്ദുസംഘടനകളുടെ നിലപാടല്ലെന്നും വ്യക്തമാക്കുന്നു.

‘ലീഗ് നേതൃത്വവുമായി ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ സംഘടനയുടെ പ്രധാന ചുമതലക്കാരെങ്കിലും അറിയേണ്ടതായിരുന്നില്ലേ? ‘സമാധാന ചര്‍ച്ച’യില്‍ പങ്കാളിയായിരുന്നു എന്ന് പറയപ്പെടുന്ന ആള്‍ക്ക് അതിനുള്ള ബാധ്യതയില്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആറുമാസത്തോളം തെരുവോരങ്ങളെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഒട്ടേറെ സാമ്പത്തിക നഷ്ടത്തിനും ദുരിതങ്ങള്‍ക്കുമിടയാക്കിയ, ആയിരക്കണക്കിന് പ്രവര്‍ത്തകന്മാരെ കേസുകളില്‍ പ്രതി ചേര്‍ക്കാനും ജയിലിലടക്കാനും ഇടയാക്കിയ ഒരു സമരംതന്നെ ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ?’ ലേഖനം ചോദിക്കുന്നു.

എന്തുവന്നാലും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മാത്രം അംഗീകരിക്കില്ലെന്ന് പറഞ്ഞവരാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും. വിട്ടുവീഴ്ചക്ക് തയാറാണെന്ന് രഹസ്യ ദൂതന്‍ വഴി ശ്രീധരന്‍പിള്ളയെ അറിയിക്കുന്നതിനു പകരം ആ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരുന്നെങ്കില്‍ സംഘര്‍ഷാവസ്ഥയില്‍ ആശ്വാസം പകരാന്‍ കഴിയുമായിരുന്നു. പാണക്കാട് തങ്ങളെ കേരള ചരിത്രത്തില്‍ മഹാനായി പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കമായി ഇതിനെ കാണണമെന്നും ലേഖനം പറയുന്നു.

എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരവും സമാധാനത്തിന്റെ അന്തരീക്ഷത്തില്‍ പാടില്ലാത്തതുമാണെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. മാറാട് കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയതായോ പ്രശ്‌നം പരിഹരിച്ചതായോ ഒരിടത്തും താന്‍ അവകാശപ്പെട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ വന്നു കണ്ട് സംസാരിച്ചു എന്ന കാര്യം ശരിയാണ്. ഹിന്ദുമുസ്‌ലിം സംഘടനകളും സര്‍ക്കാറും ചേര്‍ന്ന് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കി പ്രശ്‌നം തീര്‍ത്തു എന്നും പറഞ്ഞു. താന്‍ ഒരു പത്രത്തിനും ഇന്റര്‍വ്യൂ കൊടുത്തിട്ടില്ല. മാറാട് കലാപവുമായി ബന്ധപ്പെട്ട് അരയസമാജക്കാരായ പ്രതികള്‍ക്കെതിരായ കേസുകള്‍ നടത്തി 75 ശതമാനത്തിലും പ്രതികളെ വിട്ടയയ്ക്കാന്‍ കഴിഞ്ഞു എന്നതിലും ചാരിതാര്‍ഥ്യമുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.