ചാവക്കാട്: കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ അനുശോചന യോഗത്തിന് പിന്നാലെ മുല്ലശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ടൗണില്‍ അക്രമം അഴിച്ചു വിട്ട സംഘപ്രവര്‍ത്തകര്‍ പൊലീസിനേയും ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അക്രമത്തെ ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ സംഘം ചേര്‍ന്നെത്തിയ സംഘ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. പൊലീസ് വാഹനത്തേയും ഇവര്‍ ആക്രമിക്കുന്നുണ്ട്.

നെന്മണിക്കര സ്വദേശി ആനന്ദാണ് ഇന്നലെ വെട്ടേറ്റ് മരിച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്.


Also Read: ഇറാന്‍-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഭൂകമ്പം; 130 മരണം; ആയിരത്തോളം പേര്‍ക്ക് പരുക്ക്


ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറിലെത്തിയ അക്രമി സംഘമാണ് വെട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ യായിരുന്നു അക്രമം.

ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുമ്പ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.