ന്യൂദല്‍ഹി:റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ തുടരാന്‍ അനുവദിച്ചാല്‍ രാജ്യം മറ്റൊരു വിഭജനത്തിലെക്ക് പോകുമെന്ന് മുന്‍ ബി.ജെ.പി നേതാവും അര്‍.എസ്.എസ് ചിന്തകനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയില്‍ എത്തിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദാചാര്യ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം.

‘ഇന്ത്യയിലെ വര്‍ധിച്ച ജനസംഖ്യ ഇതിനോടകം തന്നെ രാജ്യത്ത് വിഭവങ്ങളുടെ ഉപഭോഗത്തില്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അല്‍ ഖ്വയ്ദ സംഘടന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തീവ്രവാദത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ഗോവിന്ദാചാര്യ ആരോപിക്കുന്നു.

അതുകൊണ്ട് ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് വീണ്ടുമൊരു വിഭജനത്തിലേക്കാവും നയിക്കുക.ഭരണഘടനാപരമായ അവകാശങ്ങളൊന്നും ഇന്ത്യയില്‍ തുടരാന്‍ റോഹിംഗ്യകള്‍ക്കില്ല. അവരെ എത്രയും പെട്ടന്ന് തിരിച്ചയക്കണം. ഇത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.ഹര്‍ജിയില്‍ തിങ്കളാഴ്ച സുപ്രിംകോടതി വാദം കേള്‍ക്കും.


Also read ഗൗരിയുടെ കൊലപാതകത്തെ മോദി അപലപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തിരിക്കുന്ന ഇരുണ്ടനാളുകളാണ്: ന്യൂയോര്‍ക്ക് ടൈംസ്


നിരായുധരായ റോഹിംഗ്യന്‍ മുസ്ലീങ്ങളെ മ്യാന്‍മര്‍ സൈന്യം കൊന്നൊടുക്കുന്നതായി പ്രദേശവാസികള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. കുട്ടികളെ ഉള്‍പ്പെടെ സൈന്യം വെടിവെച്ചുകൊല്ലുകയായിരുന്നു. മ്യാന്‍മറിലെ രാഖിനി മേഖലയിലെ സൈനിക അതിക്രമത്തില്‍ 400ലേറെ റോഹിംഗ്യകള്‍ കൊല്ലപ്പെടുകയും 125,000 അധികം റോഹിംഗ്യകള്‍ വിവിധരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

‘തീവ്രവാദത്തിനെതിരായ’ യുദ്ധം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സൈന്യം റോഹിംഗ്യകളെ ആക്രമിക്കുന്നത്. മൗങ്‌ഡോ, ബുത്തിഡൗങ്, റാത്തെഡൗങ് എന്നീ ടൗണ്‍ഷിപ്പുകള്‍ സൈന്യം വളഞ്ഞിരുന്നു.