ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെ ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചു. ഹിന്ദു സംഘടനകള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആന്റി ടെററിസം സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെ കാല്ലപ്പെടുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നതായുളള ദിഗ് വിജയ്‌സിങിന്റെ വെളിപ്പെടുത്തലിനെതിരെയാണ് വക്കീല്‍ നോട്ടീസ്.

വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയ സിങ് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാപ്പ് പറയാത്ത പക്ഷം മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുക, മത വികാരം വ്രണപ്പെടുത്തുക, കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് സിങിനെതിരെ കേസെടുക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

Subscribe Us:

അതേസമയം രാജ്യത്ത് ഹിന്ദു ഭീകര നിലനില്‍ക്കുന്നുണ്ടെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു. മധ്യപ്രദേശില്‍ ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടത് സ്വന്തം പ്രവര്‍ത്തകര്‍ വെച്ച ബോംബ് പൊട്ടിയാണെന്ന് പോലീസ് കണ്ടെത്തിയതോട് ഇത് ബലപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.


ദിഗ്‌വിജയ് സിങ് പറഞ്ഞത്

കൊല്ലപ്പെടുന്നതിന് രണ്ടുമണിക്കൂറുകള്‍ക്ക് മുമ്പ് എ.ടി.എസ് തലവന്‍ ഹേമന്ത് കാര്‍ക്കറെ തന്നെ വിളിച്ച് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നു. മലേഗാവ് സ്‌ഫോടനത്തില്‍ താന്‍ നടത്തിയ അന്വേഷണങ്ങള്‍ ചില ഹിന്ദുസംഘടനകളെ പ്രകോപിച്ചിരുന്നു. ഇവര്‍ തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉയര്‍ത്തിയിരുന്നതായും കാര്‍ക്കറെ വ്യക്തമാക്കിയിരുന്നു.

മലേഗാവ് സ്‌ഫോടനത്തിനെക്കുറിച്ചുള്ള അന്വേഷണത്തിലുടനീളം കാര്‍ക്കറെയ്ക്ക് ഹിന്ദു സംഘടനകളില്‍ നിന്നും വിമര്‍ശനമേല്‍ക്കേണ്ടി വന്നു. ഇത്തരം സംഘടനകളെ അനുകൂലിക്കുന്ന പത്രങ്ങള്‍ ദിനംപ്രതി കാര്‍ക്കറെക്കെതിരായ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. ഇതെല്ലാം കാര്‍ക്കറയെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ മുബൈ ഭീകരാക്രമണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടത് യാദൃശ്ചികമായിരിക്കാം. എല്ലാ സാധ്യതകളും അന്വേഷിക്കണം.