ജയ്പൂര്‍: അജ്മീര്‍ സ്‌ഫോടനക്കേസില്‍ കുറ്റപത്രത്തില്‍ പേരുള്ള ആര്‍.എസ്.എസ് നേതാവ് ഇന്ദേഷ്‌കുമാറിനെ എ.ടി.എസ് ചോദ്യം ചെയ്‌തേക്കും. കേസില്‍ മുഖ്യസൂത്രധാരനെന്ന നിലയിലാണ് ഇന്ദ്രേഷ്‌കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്. അതേസമയം കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ടെങ്കിലും ഇന്ദ്രേഷ്‌കുമാറിനെ ഇതുവരെ കുറ്റം ചുമത്തുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

അടുത്ത നടപടിക്കായി എ.ടി.എസ് കോടതിയുടെ നിര്‍ദേശം കാത്തിരിക്കയാണെന്നാണ് റിപ്പോര്‍ട്ട്. 2005 ഒക്ടോബര്‍ 31ന് പ്രഗ്യാസിങ് താക്കൂറും മറ്റുള്ളവരും ഗുജറാത്ത് സമാജ് ഗസ്റ്റ്ഹൗസില്‍ തങ്ങുകയും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാറുമൊത്ത് രഹസ്യ യോഗം നടത്തുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ യോഗത്തില്‍ വെച്ചാണ് അജ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതിനെക്കുറിച്ച് ആലോചന നടത്തിയത്.