എഡിറ്റര്‍
എഡിറ്റര്‍
‘ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍14 ഇടത്ത് സി.പി.ഐ.എമ്മിന്റെ ആഹ്ലാദപ്രകടനം ‘ പൊലീസ് വ്യാജമാണെന്ന് സ്ഥിരീകരിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ വീണ്ടും ആര്‍.എസ്.എസ്
എഡിറ്റര്‍
Saturday 20th May 2017 10:53am

കോഴിക്കോട്: പൊലീസ് വ്യാജമാണെന്ന് സ്ഥിരീകരിച്ച വീഡിയോ ഉപയോഗിച്ച് സി.പി.ഐ.എമ്മിനെതിരെ വ്യാജ പ്രചരണവുമായി ദേശീയ തലത്തില്‍ സംഘപരിവാര്‍.കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സി.പി.ഐ.എം 14 ഇടത്ത് ആഹ്ലാദന പ്രകടനം നടത്തിയെന്നാണ് പ്രചരണം.

‘റൈറ്റ് ആക്ഷന്‍സ്’ എന്ന വെബ്‌സൈറ്റു വഴിയാണ് വ്യാജ പ്രചരണം നടത്തുന്നത്. ‘ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 14 സ്ഥലങ്ങളില്‍ സി.പി.ഐ.എം ആഹ്ലാദ പ്രകടനം നടത്തി: വീഡിയോ വ്യാജമല്ല’ എന്നര്‍ത്ഥം വരുന്ന തലക്കെട്ടോടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോ ആണ് ‘വ്യാജമല്ല’ എന്ന നിലയില്‍ വാര്‍ത്തയില്‍ അവതരിപ്പിക്കുന്നത്. വീഡിയോ വ്യാജമല്ലെന്നു പറയുന്നത് കുമ്മനത്തിന്റെ അഭിപ്രായം ഉദ്ധരിച്ചാണെന്നു മാത്രം.

പാപ്പനിശേരിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനു ശേഷമുള്ള ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നു നടത്തിയ ആഹ്ലാദപ്രകടനം എന്നു പറഞ്ഞ് കുമ്മനം പ്രചരിപ്പിക്കുകയാണുണ്ടായതെന്നാണ് ഇതുസംബന്ധിച്ച് കണ്ണൂര്‍ എസ്.പി പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കുമ്മനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേ വീഡിയോ ഫെയ്ക്ക് അല്ല എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരണം നടത്തുന്നത്.


Must Read: സെക്‌സ് റാക്കറ്റ് നടത്തിപ്പ്: ബി.ജെ.പി മാധ്യമ വക്താവ് അറസ്റ്റില്‍


കുമ്മനം ട്വിറ്ററില്‍ വീഡിയോ പോസ്റ്റു ചെയ്തതു തന്നെ ദേശീയ തലത്തില്‍ സി.പി.ഐ.എമ്മിനെതിരെ വ്യാജപ്രചരണം ലക്ഷ്യമിട്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മലയാളത്തിലുള്ള പോസ്റ്റിനൊപ്പം ഇംഗ്ലീഷിലും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പരിയാരം മെഡിക്കല്‍ കോളജ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചും ദേശീയ തലത്തില്‍ സി.പി.ഐ.എമ്മിനെതിരെ വ്യാജ പ്രചരണം നടത്തിയിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ആശുപത്രി ആക്രമിക്കുന്നു എന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങള്‍ സംഘപരിവാര്‍ പ്രചരിപ്പിച്ചത്.

Advertisement