ന്യൂദല്‍ഹി: ഹരിദ്വാറിലെ ഖതര്‍പൂര്‍ ഗ്രാമത്തെ ‘ഗോ തീര്‍ത്ഥാടന കേന്ദ്രം’ ആക്കി മാറ്റണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ്. ഇതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ സമീപിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍.

‘1918ല്‍ പശുവിനെ കൊല്ലുന്നതിനെതിരായ പ്രക്ഷോഭത്തില്‍ നിരവധി ഹിന്ദുക്കളെ ബ്രിട്ടീഷുകാരും മുസ്‌ലിംങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയിട്ടുണ്ട്. 4 പേരെ തൂക്കിലേറ്റി 135 പേരെ ജയിലിലടച്ചു’ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ആര്‍.എസ്.എസ് നേതാവ് ദിനേഷ് സെംവാള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

 

ആര്‍.എസ് എസ് ജനറല്‍ സെക്രട്ടറിമാരായ ദത്താത്രേയ ഹൊസബേല്‍, ഗോപാല്‍ കിഷന്‍, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിസ്തപല്‍ മഹാരാജ് എന്നിവരെല്ലാമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ഡെറാഡൂണില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഖതര്‍പൂരില്‍ നിലവില്‍ ഒരു ഗോരക്ഷക സ്മാരക കേന്ദ്രമുണ്ട്. ഇവിടെ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര സേനാനികളായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.