തൃശ്ശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.എസിന്റെ സംഘടിത ആക്രമണം. ആക്രമണത്തില്‍ പെണ്‍കുട്ടികളുള്‍പ്പടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്നു രാവിലെ 11 മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മാരാകായുധങ്ങളുമായി എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോളേജിന്റെ ഗേറ്റു തള്ളി തകര്‍ത്ത് അകത്തു കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ക്യാമ്പസിലേക്ക് പാഞ്ഞെത്തിയ ആക്രമികള്‍ കമ്പിവടി, ആണികള്‍ തറച്ച പട്ടിക തുടങ്ങിയ മാരാകായുധങ്ങളുപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

ഏകദേശം ഒരു മണിക്കൂറോളം ക്യാമ്പസില്‍ ഭീതിപടര്‍ത്തിയ സംഘം പിന്നീട് വിദ്യാര്‍ത്ഥികള്‍ ചെറുത്തു നില്‍ക്കാന്‍ തുടങ്ങിയതോടെ പിരിഞ്ഞു പോവുകയായിരുന്നു.

ആക്രമത്തില്‍ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ കോളേജിനു മുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മയ്‌ക്കെത്തിയവരാണ് കോളേജില്‍ അക്രമം അഴിച്ചു വിട്ടത്.

അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നത്. കോളേജ് മാഗസിന്‍ എഡിറ്ററായ അരവിന്ദിന്റെ അയ്യന്തോളിലെ വീട്ടിലെത്തിയ ആക്രമികള്‍ അരവിന്ദിന്റെ സഹോദരിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


Also Read: ‘സംഘപരിവാറിനെ ഭയമില്ല’; നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ നാളെ പോകുമെന്ന് സീതാറാം യെച്ചൂരി 


ഡീ സോണ്‍ കലോത്സവത്തിന്റെ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച ബോര്‍ഡുകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നും എസ്.എഫ്.ഐ പറയുന്നു. അന്‍മോല്‍ മൊത്തി, രഞ്ജിത്ത്, രമേശ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ ശരത് ചന്ദ്രന്‍, അനന്തു സുരേഷ്, പി.എസ് ശരത്ത്, വിഷ്ണു, അരുണ്‍ ശിവദാസ, കെ.സുധീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ അരാജകത്വമാണ് നടക്കുന്നതെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആരോപണം. കോളേജിന് പുറത്തു നടന്ന പരിപാടിയില്‍ അടിക്കണമെങ്കില്‍ അടിക്കുമെന്നു പറയുന്ന ബി.ഗോപാലകൃഷ്ണന്റെ വീഡിയോ പിന്നീട് പുറത്ത് വന്നിരുന്നു.