എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം
എഡിറ്റര്‍
Friday 16th June 2017 1:33pm

കണ്ണൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറയും മൊബൈല്‍ഫോണും തട്ടിയെടുത്തതായാണ് പരാതി.

കണ്ണുരിലെ പ്രാദേശിക ചാനലായ ഹൈവിഷന്‍ നെറ്റ് വര്‍ക്ക് പ്രതിനിധികളായ ദീപു കക്കാടന്‍കണ്ടിയേയും സുഹൃത്തുക്കളേയുമാണ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചത്.


Dont Miss താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ല; വിദേശ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ രൂപം സമ്മാനമായി നല്‍കരുതെന്ന് യോഗി ആദിത്യനാഥ്


ഇന്നലെ ഉച്ചയോടെയായിരുന്നു ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ കയ്യാലകള്‍ക്ക് തീപിടിച്ചത്. സംഭവം അറിഞ്ഞയുടന്‍ റിപ്പോര്‍ട്ട് ചെയ്യാനാനെത്തിയവരാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമത്തിനിരയായത്.

കൊട്ടിയൂര്‍ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ ഒ.വി രാജന്റെ നേത്യത്വത്തിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തങ്ങളെ ചവിട്ടി താഴെയിടുകയും ക്യാമറയും മൊബൈല്‍ഫോണും തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

അമ്പലത്തിന്റെ പരിസരത്ത് കാമറകള്‍ക്ക് നിരോധനമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്രമം. തങ്ങള്‍ക്ക് തല്ലാനും കൊല്ലാനുമൊന്നും മടിയില്ലെന്നും ഇവിടുന്ന് തിരിച്ചുപോയില്ലെങ്കില്‍ വിവരമറിയുമെന്നും ആര്‍.എസ്.എസുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെന്നും ദീപു കക്കാടന്‍കണ്ടി പറയുന്നു.

ഭക്ത സ്ത്രീകള്‍ ഈറനണിഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിത്തുടര്‍ന്ന് കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതി ഇവിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചത്. എന്നാല്‍ സംഭവം നടന്ന സ്ഥലത്ത് കോടതിയുടെ നിരോധനം നിലനില്‍ക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവം നടന്ന സ്ഥലത്ത് കോടതിയുടെ നിരോധനം നിലനില്‍ക്കുന്നതായി അറിയില്ലെന്നും അമ്പലം പ്രതിനിധികളോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും കേളകം എസ്.ഐ വേണുഗോപാല്‍ പറഞ്ഞു.

Advertisement