എഡിറ്റര്‍
എഡിറ്റര്‍
ദൈനിക് ജാഗരണിന്റെ എക്‌സിറ്റ്‌പോള്‍ ഫലം ആര്‍.എസ്.എസ്. സൃഷ്ടി; ഫലം പുറത്ത് വിട്ടത് യു.പിയില്‍ ബി.ജെ.പിയെ സഹായിക്കാന്‍
എഡിറ്റര്‍
Friday 10th March 2017 12:03pm

 

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന്റെ മുമ്പ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ പുറത്ത് വിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ സൃഷ്ടിയെന്ന് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കേ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന തരത്തില്‍ നിയമ വിരുദ്ധമായി പുറത്ത് വിട്ട പ്രവചനം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്വയം ഉണ്ടാക്കിയതാണെന്ന് ‘ദി വയര്‍’ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also read മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് രജിഷയ്ക്കായിരുന്നില്ല: ഔസേപ്പച്ചന്‍


വിവാദമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പത്രത്തിന്റെ മാര്‍ക്കറ്റിംങ് വിഭാഗം തലവനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ തന്മയ് ശങ്കര്‍ ആണെന്നാണ് ദി വയറിന്റെ കണ്ടെത്തല്‍. തന്മയ് നല്‍കിയ വാര്‍ത്ത എം.എം.ഐ മീഡീയ തലവന്‍ സുകൃതി ഗുപ്തയുടെ അനുമതിയോടെയാണ് പ്രസിദ്ധീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തന്മയ് ശങ്കര്‍ അമിത് ഷായോടൊപ്പം

സംസ്ഥാനത്ത് ബി.ജെ.പി വന്‍വിജയം നേടുമെന്ന തരത്തില്‍ പുറത്ത് വന്ന ദൈനിക് ജാഗരണിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫലം പ്രസിദ്ധീകരിച്ച ദൈനിക് ജാഗരണിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ദൈനിക് ജാഗരണിന്റെ ഓണ്‍ലൈന്‍ എഡിറ്ററായ ശേഖര്‍ തൃപ്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


Dont miss എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല: പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ 


ശേഖര്‍ തൃപ്തിയും പത്രത്തിന്റെ സി.ഇ.ഒ സഞ്ജയ് ഗുപ്തയും വാര്‍ത്ത നല്‍കിയത് പത്രത്തിന്റെ പരസ്യ വിഭാഗമാണെന്നാണ് കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്.

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അവലോകന റിപ്പോര്‍ട്ട് എന്ന പേരില്‍ ഫെബ്രുവരി 10ന് തന്മയുടെ ഇമെയിലില്‍ നിന്ന് ജാഗരണ്‍ പത്രത്തിന്റെ വിവിധ എഡിറ്റോറിയല്‍ വിഭാഗങ്ങളിലേക്ക് മെയിലുകള്‍ അയച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇമെയിലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് വയറിന്റെ റിപ്പോര്‍ട്ട്.

 

‘http://rdiindia.com’ എന്ന ലിങ്കില്‍ നിന്ന് നമുക്ക് തെരഞ്ഞെടുപ്പിന്റെ വിശകലനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് തന്മയ് മെയിലിലൂടെ പറയുന്നത്. ‘സുനില്‍ ആര്‍’ എന്ന വ്യക്തിയുടെ ഇമെയില്‍ ഐഡിയില്‍ നിന്നു ലഭിച്ച മെയിലാണ് തന്മയ് ശങ്കര്‍ പത്രത്തിന് അയച്ചിരിക്കുന്നതെന്ന് മെയിലില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മെസ്സേജില്‍ പറയുന്ന ലിങ്കിനും യു.ആര്‍.എല്‍ അഡ്രസ്സിനും തെരഞ്ഞെടുപ്പുമായോ സര്‍വേകളുമായോ യാതൊരു വിധത്തിലുള്ള ബന്ധങ്ങളും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ആര്‍.ഡി.ഐ എന്ന് ലിങ്കില്‍ പറഞ്ഞിരിക്കുന്നത് റിസോഴ്‌സ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ യു.ആര്‍.എല്‍ ഐ.ഡിയാണ്. എന്നാല്‍ തങ്ങളുടെ സ്ഥാപനത്തിന് തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍.ഡി.ഐ തലവന്‍ രാജീവ് ഗുപ്ത തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കിയിരുന്നു.


Must read : ‘ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു’; കേന്ദ്ര മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വിട്ട് നില്‍ക്കും 


ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങളുടെ സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് രാജീവ് ഗുപ്ത വ്യക്തമാക്കിയത്. ദൈനിക് ജാഗരണ്‍ തങ്ങളുടെ സ്ഥാപനത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറയുന്നു.

ഇമെയിലില്‍ പറഞ്ഞിരിക്കുന്ന സുനില്‍ ആര്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ തന്മയ് ശങ്കര്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ സര്‍വ്വേ നടത്തിയ ഏജന്‍സിയുടെ ലിങ്ക് അയക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്. തന്മയുടെ പങ്ക് വ്യക്തമായതിനാല്‍ യു.പി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

വാര്‍ത്ത നല്‍കിയതിനു പിന്നില്‍ താനാണെന്നത് പുറത്ത് വന്നെന്നു മനസ്സിലാക്കിയ തന്മയ് ശങ്കര്‍ ആര്‍.എസ്.എസുമായുള്ള തന്റെ ബന്ധം പുറത്ത് വരാതിരിക്കാനുള്ള വഴികളാണ് ഇപ്പോള്‍ തേടുന്നത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്ന സംഘപരിവാര്‍ അനുകൂല പോസ്റ്റുകളും ചിത്രങ്ങളും പിന്‍വലിക്കുകയാണ്. ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കുന്നതിന്റെയും, സംഘ പ്രവര്‍ത്തനങ്ങളുടേയും, ഗോള്‍വാര്‍ക്കറുടേയും ചിത്രങ്ങളാണ് ഇയാള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുന്നത്.

 

യു.പി തെരഞ്ഞെടുപ്പ് ബി.ജെ.പിക്കനുകൂലമായിമായി മാറ്റാനുള്ള തന്ത്രമായിരുന്നു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ തന്മയ് ശങ്കറും ദൈനിക് ജാഗരണ്‍ ദിനപത്രവും ചേര്‍ന്ന് നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇല്ലാത്ത സര്‍വേയില്‍ ബി.ജെ.പിയ്ക്ക് മുന്‍തൂക്കമെന്ന് തെരഞ്ഞെടുപ്പിനിടെ വാര്‍ത്ത നല്‍കുക എന്ന തന്ത്രമാണ് ഇതിനായ് ഇവര്‍ പുറത്തെടുത്തത്.

Advertisement