എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി ഇടത് മുന്നണി വിട്ടു: കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ സ്ഥാനാര്‍ത്ഥി
എഡിറ്റര്‍
Saturday 8th March 2014 6:16pm

nk-ramachndran

തിരുവനന്തപുരം: കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നത മൂലം ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടു.

എല്‍.ഡി.എഫ് കക്ഷിയായിരുന്ന ആര്‍.എസ്.പി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് തനിച്ച് മത്സരിക്കുമെന്ന സക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.

കൊല്ലത്ത് ആര്‍.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേതൃയോഗത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറി എ.എ അസീസ് വ്യക്തമാക്കി.

എന്‍.കെ പ്രേമചന്ദ്രനായിരിക്കും കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

ഇതുവരെയും ഒരു ഉഭയകക്ഷി ചര്‍ച്ചയ്ക്ക് എല്‍.ഡി.എഫ് കഷണിച്ചിട്ടില്ല. കൊല്ലത്ത് ആരുടെ പിന്തുണ കിട്ടിയാലും സ്വീകരിക്കുമെന്നും എ.എ അസീസ് വ്യക്തമാക്കി.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫുമായി ഉഭയകക്ഷി ചര്‍ച്ച വേണ്ടെന്നും ആര്‍എസ്പി തീരുമാനിച്ചു. കൊല്ലം ഉള്‍പ്പടെ ഏത് സീറ്റു തരാമെന്ന് പറഞ്ഞാലും ഇനിയത് വേണ്ടെന്നും പാര്‍ട്ടി സെക്രട്ടറി എ.എ അസീസ് പറഞ്ഞു.

ആര്‍.എസ്.പി  ഇടത് മുന്നണി വിടുന്നതോടെ തിരുവനന്തപുരം, കൊല്ലം നഗരസഭകളിലെ അധികാരം എല്‍.ഡി.എഫിന് നഷ്ടമാകും.

ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.ഐ.എം ആര്‍.എസ്.പിയെ അറിയിച്ചത്.

പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വന്ന അവഗണനകളില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്നും ഇപ്പോഴത്തെ പാര്‍ട്ടി തീരുമാനം രാഷ്ട്രീയ അനിവാര്യതയാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം ആര്‍.എസ്.പിയുമായി മധ്യസ്ഥ ശ്രമം നടത്തുമെന്ന് സി.പി.ഐ.എം പിബി അംഗം എം.എ ബേബി പറഞ്ഞു.

ആര്‍.എസ്.പി(ബി) നേതാവും മന്ത്രിയുമായ ഷിബു ബേബിജോണ്‍ ആര്‍.എസ്.പി ഓഫിസിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement