എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി-യു.ഡി.എഫ് സഖ്യത്തിന് ധാരണയായി: ഉപാധികളോടെ കൊല്ലം സീറ്റ് ആര്‍.എസ്.പിയ്ക്ക്
എഡിറ്റര്‍
Monday 10th March 2014 6:55am

rsp-and-udf

തിരുവനന്തപുരം: ഇടത് മുന്നണി വിട്ട ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ ധാരണയായി.

മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ക്ലിഫ് ഹൗസിലാണ് ആര്‍.എസ്.പി. നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കൊല്ലം ആര്‍.എസ്.പിക്കു നല്‍കാനുള്ള സമ്മതം ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അറിയിച്ചു.

ചില ഉപാധികളോടെയാണു കൊല്ലം സീറ്റ് നല്‍കുന്നത്. കൊല്ലത്ത് ജയിച്ചു വന്നാല്‍ ആര്‍.എസ്.പി. സംസ്ഥാന ഘടകം കേന്ദ്രത്തില്‍ യു.പി.എ നേതൃത്വത്തെ അംഗീകരിക്കണം.

പാര്‍ട്ടിയുടേയും യുഡിഎഫിന്റെയും അംഗീകാരത്തിനു വിധേയമായി ആര്‍.എസ്.പിയെ മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു പാര്‍ട്ടിയെ യു.ഡി.എഫില്‍ അംഗമാക്കുകയെന്നത് നയപരമായ തീരുമാനമാണ്. ദേശീയ നേതൃത്വത്തിന്റെ കൂടി അംഗീകാരത്തോടെയാണ് എല്ലാ കാര്യത്തിലും ഇടപെട്ടത്. തെറ്റിദ്ധാരണകൊണ്ടാകാം ചില നേതാക്കള്‍ ഇതിന് വിരുദ്ധമായി പ്രതികരിച്ചത് – മുഖ്യമന്ത്രി പറഞ്ഞു.

ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ ഇരു പാര്‍ട്ടികളിലും ചര്‍ച്ച ചെയ്യണം. ഇതിനു ശേഷമേ തീരുമാനമുണ്ടാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ചേരുന്ന കെ.പി.സി.സി. എക്‌സിക്യൂട്ടീവും നാളെ ചേരുന്ന യു.ഡി.എഫ്. നേതൃയോഗവും ആര്‍.എസ്.പിയെ പുതിയ ഘടകകക്ഷിയാക്കുന്നതിന് അംഗീകാരം നല്‍കും.

ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ യു.ഡി.എഫിലുള്ള ആര്‍.എസ്.പി(ബി) ആര്‍.എസ്.പിയുമായി ലയിച്ചു പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. ഇതിന്റെ നടപടികളും തുടര്‍ ദിവസങ്ങളിലുണ്ടാകും.

കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നത മൂലമാണ്  ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടത്.

Advertisement