Categories

മൂന്നാറില്‍ സര്‍ക്കാര്‍ കളിക്കുന്നത് നാടകം: ചന്ദ്രചൂഡന്‍

തിരുവനന്തപുരം: സര്‍ക്കാരിനും സി പി ഐ എമ്മിനും ആര്‍ എസ് പിയുടെ രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ആര്‍ എസ് പി ദേശീയ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരുമായി ആര്‍ എസ് പിക്ക് യോജിപ്പും വിയോജിപ്പുമുണ്ട്. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയാത്ത വിഷയത്തില്‍ ശക്തമായ വിയോജിപ്പാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ടാറ്റായുടെ ദേഹത്ത് തൊടാന്‍ സര്‍ക്കാരിന് ധൈര്യമില്ല. ടാറ്റ ഒന്നു തുറിച്ചുനോക്കിയാല്‍ അവിടെ തീര്‍ന്നില്ലേ കാര്യങ്ങള്‍ .നാലും അഞ്ചും സെന്റുകള്‍ കൈയ്യേറിയവര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. എന്നാല്‍ വന്‍കിടക്കാര്‍ക്ക് എതിരെ യാതൊരു നടപടിയുമില്ല. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് യാതൊരു ക്ഷാമവുമില്ല. ടാറ്റയെ തൊടാതെ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. മൂന്നാറില്‍ വന്‍മാഫിയകളുടെ വിളയാട്ടമാണ് നടക്കുന്നത്.

സ്റ്റാലിന്‍ അന്തരിച്ചിട്ടും ചില സംഘടനകളെ സ്റ്റാലിനിസം വിടാതെ പിന്തുടരുന്നു. സ്റ്റാലിനിസ്റ്റ് സ്വഭാവം തങ്ങളോട് വേണ്ടെ. എന്നാലും ആര്‍ എസ് പി ഇടതുമുന്നണി വിടില്ല. സീറ്റ് തേടിവന്ന പാര്‍ട്ടിയല്ല ആര്‍ എസ് പിയെന്നും ചന്ദ്രചൂഡന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സി പി ഐ എം പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ പടുകുഴിയില്‍ വീണിരിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് കെ പങ്കജാക്ഷന്‍ പറഞ്ഞു. തെറ്റായ നയങ്ങളും താന്‍കോയ്മയും മൂലം ഇടതുമുന്നണിയും വലതു മുന്നണിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായെന്ന് സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ആര്‍ എസ് പിയുടെ കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കന്‍മാര്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.