ന്യൂദല്‍ഹി: ഇടതുമുന്നണി വി­ടേ­ണ്ട­തില്ലെന്ന് ആര്‍ എസ് പി ദേശീയ കൗണ്‍­സിലും തീരുമാനിച്ചു. രാ­ജ്യസഭ തിരഞ്ഞെടുപ്പ് സീറ്റിനെ ചൊല്ലി ഇടത് മുന്നണി വിടേണ്ടെന്നായിരുന്നു ദേശീയ കൗണ്‍സിലില ഭൂരിപക്ഷ അഭിപ്രാ­യം. 1999 മുതല്‍ കേരളത്തില്‍ ആര്‍ എസ് പിയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും സി പി ഐ എം അംഗീകരിക്കുന്നില്ലെന്ന് കേരളത്തി­ലെ ഒ­രു വി­ഭാഗം നേതാക്കള്‍ കൗണ്‍സി­ലില്‍ അ­റി­യിച്ചി­രു­ന്നു.

സി പി ഐ എം കേ­ര­ള­ത്തില്‍ തു­ട­രു­ന്ന അ­വഗ­ണ­ന ത­ട­യാന്‍ ദേശീ­യ നേ­തൃത്വം ഇ­ട­പെ­ട­ണ­മെ­ന്ന് കേ­ര­ള സെ­ക്രട്ടറി വി പി രാ­മ­കൃ­ഷ്­ണ­പ്പി­ള്ള ആ­വ­ശ്യ­പ്പെ­ട്ടു. ഈ വി­ഷ­യം പരി­ശോ­ധി­ക്കാന്‍ മാ­ത്ര­മാ­യി കേ­ന്ദ്ര സെ­ക്ര­ട്ട­റി­യേ­റ്റ് ചേ­രു­വാനും തീ­രു­മാ­ന­മായി.

ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളിലെ അംഗങ്ങള്‍ മുന്നണി വിടുന്നതിനെ ശക്തമായി എതിര്‍ത്തു. ഇ­വി­ട­ങ്ങ­ളില്‍ മു­ന്ന­ണി­യില്‍ നി­ല­ നി­ന്നി­രു­ന്ന പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഹ­രി­ക്കാ­നാ­യതും ഇ­വര്‍ ചൂ­ണ്ടി­ക്കാ­ട്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ആര്‍ എസ് പി മുന്നണിയില്‍ തന്നെ തുടരണമെന്ന ആ­വ­ശ്യ­ത്തി­നാ­ണ് ഭൂ­രിപ­ക്ഷം ല­ഭി­ച്ചത്.