റിയാദ്: ഇശലുകള്‍ പെയ്തിറങ്ങിയ കലാപരിപാടികളുടെ ആസ്വാദന വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് പ്രൗഢമായ തുടക്കം. കുരുന്നു മനസ്സുകളുടെ സര്‍ഗാത്മകത പ്രകടമാക്കിയ കലാ സാഹിത്യ മത്സര പരിപാടികള്‍ ഗൃഹാതുരത്തമുണര്‍ത്തുന്ന ഓര്‍മ്മകളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തിക്കൊണ്ടായിരുന്നു ബത്ത സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചത്.

Subscribe Us:

40 ഓളം ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഇരുനൂറോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. റിയാദ് സോണിലെ അഞ്ച് സെക്ടറുകളിലായാണ് ഒന്നാം ഘട്ട മത്സരങ്ങല്‍ അരങ്ങേറുന്നത്. സെക്ടര്‍ മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്ന മത്സരാര്‍ഥികളാണ് നവമ്പര്‍ 24 ന് നടക്കുന്ന റിയാദ് സോണ്‍ തല മത്സരത്തില്‍ മാറ്റുരക്കുന്നത്. ബദിയ സെക്ടര്‍ നവമ്പര്‍ 17നും ഒലയ, റൗദ സെക്ടറുകളില്‍ നവമ്പര്‍ 18നു മാണ് മത്സരങ്ങല്‍ നടക്കുന്നത്.

ബത്ത സെക്ടര്‍ സാഹിത്യോത്സവ് കലാപ്രതിഭയായി അബ്ദുല്‍ ബാസ്സിം തെരെഞ്ഞെടുക്കപ്പെട്ടു. ഇഹ്തിഷാം തലശ്ശേരി, ജാബിര്‍ പത്തനാപുരം, ശമീര്‍ രണ്ടത്താണി, ഇസ്മാഈല്‍ സഖാഫി, ഹുസ്സൈന്‍ മുസ്ലിയാര്‍ സി കെ നഗര്‍, ശുക്കൂര്‍ അലി ചെട്ടിപ്പടി, ഫസല്‍ വയനാട് എന്നിവര്‍ മത്‌സരങ്ങള്‍ നിയന്ത്രിച്ചു. കലാപ്രതിഭക്കുള്ള ട്രോഫി ആഫിയ ഇലക്ട്രോണിക്‌സ് എം ഡി നാസര്‍ ഹാജി ഓമച്ചപ്പുഴ സമ്മാനിച്ചു.

സമാപന സമ്മേളനം ഹസൈനാര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അലിഫ് ഇന്റെര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സി. മുഹമ്മദ് ഷൈജല്‍ ഉദ്ഘാടനം ചെയ്തു. ആഫിയ എം. ഡി. മുഹമ്മദ് ഷമീര്‍, ലുഖ്മാന്‍ പാഴൂര്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ഉമര്‍ പന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ സ്വാഗതവും ഫസല്‍ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.