തിരുവനന്തപുരം: തീവ്രവാദം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായ്. സംസ്ഥാനത്ത് തീവ്രവാദ വേരുകള്‍ കണ്ടെത്തിയത് ഗൗരവമായി കാണണമെന്നും റിപബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ചുവാര്‍ത്ത് ആഗോള നിലവാരത്തിലേക്ക്് ഉയരേണ്ടതുണ്ട്.

വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിധത്തിലാണുള്ളത്. വിലക്കയറ്റം നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ശക്തമായി തടയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് പതാക ഉയര്‍ത്തി. സായുധസേനകളുടെ അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാന്ദനടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.