തിരുവനന്തപുരം: സാധാരണക്കാരന്റെ ജീവിതത്തെ കാര്യമായി ബാധിക്കുന്ന വിലക്കയറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തുന്ന നയപ്രഖ്യാപനം ഗവര്‍ണര്‍ ആര്‍.എസ് ഗവായി നിയമസഭയില്‍ അതരിപ്പിച്ചു. 12-ാം നിയമസഭയുടെ 17-ാം നിയമസഭയുടെ സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപനമായിരുന്നു ഗവായി അവതരിപ്പിച്ചത്.

വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ തകിടം മറിച്ചിരിക്കുന്നു. വിലക്കയറ്റത്തോടൊപ്പം ഇന്ധനവിലവര്‍ധിച്ചതോടെ ദുരിതം ഇരട്ടിയായി. വിലക്കയറ്റം തടയാന്‍ കേന്ദ്രം തയ്യാടെുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ ഫലപ്രദമായ ഇടപെടലിലൂടെ സംസ്ഥാനത്ത് വിലവര്‍ധന തടയാന്‍ സാധിച്ചുവെന്ന് ഗവായി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാറിന് കഴിഞ്ഞുവെന്നും നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി എന്നും നയപ്രഖ്യാപനരേഖ വ്യക്തമാക്കുന്നു.

ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന അഴിമതിആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ്, സ്‌പെക്ട്രം എന്നിവ രാഷ്ട്രത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ഗവായി പറഞ്ഞു. ദേവസ്വംബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുമെന്നും പുല്ലുമേട് പോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും നയപ്രഖ്യാപനരേഖ വ്യക്തമാക്കുന്നു.