ന്യൂദല്‍ഹി:ദീപികയുടെ പത്മാവതിയ്ക്ക് എതിരെ കൊലവിളിയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്ത്. സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലമാണ് ക്ഷത്രിയ സഭ പ്രഖ്യാപിച്ചത്.

ചിത്രം തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യറ്റര്‍ കത്തിക്കുമെന്നും ചരിത്രത്തെ വികലമായി അവതരിപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും സേന ആരോപിക്കുന്നു.കഴിഞ്ഞ ദിവസം ചിത്രത്തി അഭിനയിച്ചതിന് ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഭരണഘടന പ്രകാരം സ്വാതന്ത്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി പറയുന്നത്.


Also Read ‘ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’; പത്മാവതി മുതല്‍ സെക്‌സി ദുര്‍ഗ്ഗ വരെയുള്ള വിവാദങ്ങളില്‍ ആഞ്ഞടിച്ച് പ്രകാശ് രാജ്


അതേസമയം ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തെത്തി. സര്‍ഗാത്മകതയുടെ പേരില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കുകയാണ് ചിത്രമെന്നും കര്‍ണി സേനയുടെയും രജപുത്ര വംശജരുടെയും അതേ കാഴ്ചപ്പാടോടുകൂടിയാണ് താനും ഈ വിഷയത്തെ കാണുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ചരിത്രത്തെ ഒരിക്കലും വളച്ചൊടിക്കാന്‍ പാടില്ല. പത്മിനി എന്നത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്, ജനങ്ങളെ പെട്ടെന്ന് അസ്വസ്ഥരാക്കുന്ന രീതിയിലുള്ള ഇത്തരം വിഷയങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താതിരിക്കണമെന്നും ഗഡ്കരി വ്യക്തമാക്കി.

ചിത്രത്തിനെതിരെ സംഘപരിവാര്‍ പോര്‍വിളികള്‍ക്കെതിരെ നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. നേരത്തേയും അസഹിഷ്ണുതയ്ക്കെതിരെ ഉപയോഗിച്ച ജസ്റ്റ് ആസ്‌കിംഗ് ഹാഷ് ടാഗുമായാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വെക്കണം, സംവിധാനങ്ങള്‍ക്ക് ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.