ഫോര്‍മുല വണ്‍ കാര്‍ റെയ്‌സുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ലേഡി ഗാഗയെ കാണണമെങ്കില്‍ പണം ഒത്തിരി ചിലവാക്കേണ്ടിവരും. ഗാഗ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില 40,000 രൂപയാണ്. ടിക്കറ്റിന് പൊള്ളുന്ന വിലയാണെങ്കിലും ഡിമാന്റ് ഒട്ടും കുറവല്ല. പരിപാടിയുടെ ടിക്കറ്റെല്ലാം ഇതിനകം തന്നെ വിറ്റുതീര്‍ന്നെന്നാണ് സംഘാടകനായ അര്‍ജുന്‍ രാംപാല്‍ പറയുന്നത്.

‘ 1,000 ആളുകള്‍ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങളാണ് ഗാഗയുടെ ഷോയില്‍ ഒരുക്കിയിട്ടുള്ളത്. അതെല്ലാം ഇതിനകം തന്നെ വിറ്റുതീര്‍ന്നു’ അര്‍ജുന്‍ പറഞ്ഞു. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ജെപി ഗ്രീന്‍സ് ഗോള്‍ഫ് ആന്റ് സ്പാ റിസോര്‍ട്ടിലെ 20,000 സ്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ഗാഗയുടെ പരിപാടി നടക്കുന്നത്.

Subscribe Us:

ഡിസ്‌ക് ജോക്കി റോജസര്‍ സാന്‍ചെകിന്റെ പെര്‍ഫോമെന്‍സ് ഒന്നാം ദിനമായ വെള്ളിയാഴ്ച നടന്നു. എഡ്‌വേര്‍ഡ് മായയുടേത് ശനിയാഴ്ചയും, ടോം നേവിയുടേത് ഞായറാഴ്ചയും നടക്കും. എഫ്.1 അവസാനദിവസമാണ് ഗാഗയുടെ പെര്‍ഫോമെന്‍സ്. ‘പോക്കര്‍ ഫെയ്‌സ്’, ‘ ബോണ്‍ ദിസ് വെ’ തുടങ്ങിയ ഗാഗയുടെ നമ്പറുകള്‍ പ്രശസ്തമാണ്.

‘ ഞാനവസാനം ഇവിടെയെത്തി. എന്റെ സ്വപ്‌നം യാഥാര്‍ത്ഥമായി.’ എന്നായിരുന്നു ഇന്ത്യയിലെത്തിയപ്പോള്‍ ഗാഗ ട്വിറ്ററില്‍ കുറിച്ചത്. ഗാഗയെ പോലെ ആരാധകരും ത്രില്ലിലാണ്. ഫോര്‍മുല വണിന്റെ അവസാന ദിവസം ആരാധകരെ ഞെട്ടിക്കുന്ന ഒരു പെര്‍ഫോമന്‍സുമായി ഗാഗയെത്തുന്നത് കാത്തിരിക്കുകയാണ് ഗാഗയുടെ ‘ഇന്ത്യന്‍ മോണ്‍സ്‌റ്റേഴ്‌സ്’