പറ്റ്‌ന: ബിഹാറില്‍ 389.31 കോടി രൂപ മുടക്കി നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിനു മുന്നേ തകര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ഡാമിന്റെ ഒരു ഭാഗം തകര്‍ന്നു പോയത്. രാഷ്ട്രീയ വിവാദങ്ങളില്‍ ഉലയുന്ന നിതീഷ് സര്‍ക്കാരിനേറ്റ പ്രഹരമായിരിക്കേയാണ് ഡാമിന്റെ തകര്‍ച്ച.


Also Read: യു.പിയെ സ്വര്‍ഗമാക്കിയെന്ന് യോഗി; യോഗിയുടെ സ്വര്‍ഗത്തില്‍ ഓരോ പന്ത്രണ്ട് മണിക്കൂറിലും ഏറ്റുമുട്ടലെന്ന് കണക്കുകള്‍


സര്‍ക്കാരിന്റെ അഴിമതിയുടെ മറ്റൊരു ഉദാഹരണാമാണ് ഡാമിന്റെ തകര്‍ച്ചയെന്ന് മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആരോപിച്ചു. ഭഗല്‍പൂരിലെ കഹല്‍ഗാവോമില്‍ ‘ഘടേശ്വര്‍ പന്ത് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച അണക്കെട്ടാണ് തകര്‍ന്നിരിക്കുന്നത്.

ഡാം തകര്‍ന്നതോടെ കഹല്‍ഗാവോമിലെ ജനവാസ കേന്ദ്രങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. എന്നാല്‍ പദ്ധതിയുടെ തകരാറല്ലെന്നും വെള്ളം നിറഞ്ഞതാണ് അപകടത്തിന് കാരണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

‘ജലം സംഭരിക്കുന്നതിനുള്ള ശേഷി പൂര്‍ണ്ണമായതിനെത്തുടര്‍ന്നാണ് ഡാം തകര്‍ന്നിരിക്കുന്നത്. പക്ഷേ അതുകൊണ്ട് ജലപദ്ധതിക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല.’ ജലവിഭവ വകുപ്പ് മന്ത്രി ലല്ലന്‍ സിംഗ് പറഞ്ഞു. ഇന്നു ഉദ്ഘാടനം ചെയ്യനിരിക്കേയാണ് ഡാം തകര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി.


Dont Miss: ഭാവി ലോകത്തെ പുന:നിര്‍മ്മിക്കുക ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനങ്ങള്‍: രാഹുല്‍ ഗാന്ധി


മഹാസഖ്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ നിതീഷിനെതിരെ അണക്കെട്ടിന്റെ തകര്‍ച്ച രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. മുന്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് അഴിമതിയാരോപണവുമായി ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.