എഡിറ്റര്‍
എഡിറ്റര്‍
ആര്‍.പി.എഫ് ജീവനക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി യുവതി: ആക്രമണം നടന്നത് കുട്ടികളുടെ കണ്‍മുമ്പില്‍
എഡിറ്റര്‍
Saturday 18th March 2017 11:36am

കോട്ട: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ജീവനക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി. കോട്ട റെയില്‍വേ സ്‌റ്റേഷനിലെ ആര്‍.പി.എഫ് ജീവനക്കാരനായ ഖേംചന്ദ് വര്‍മ്മയ്‌ക്കെതിരെ 30കാരിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പാനീയം നല്‍കി മയക്കി തന്നെ ബലാത്സംഗം ചെയ്യാന്‍ ജീവനക്കാരന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തന്റെ രണ്ട് കുട്ടികളുടെ മുമ്പില്‍വെച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നും യുവതി പറയുന്നു.

കോട്ടയില്‍ നിന്ന് വാരാണസിയിലേക്കു പോകുകയായിരുന്നു യുവതി. രാത്രി സ്‌റ്റേഷനിലെത്തിയ ഇവരോട് വാരാണസിയിലേക്കു ഇനി ട്രെയിനില്ലെന്നും തല്‍ക്കാലം തന്റെ വീട്ടില്‍ വിശ്രമിക്കാമെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.


Also Read: ജനങ്ങളുടെ പണം കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷയൊരുക്കേണ്ട, അതിന്റെ ചിലവ് അതത് പാര്‍ട്ടി ഏറ്റെടുക്കണം: മുംബൈ ഹൈക്കോടതി 


യുവതിക്കൊപ്പം അവരുടെ കുട്ടികളുമുണ്ടായിരുന്നു. തുടര്‍ന്ന് ഖേംചന്ദ് യുവതിയെയും കുട്ടികളെയും ക്വാട്ടേഴ്‌സിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് കുടിക്കാന്‍ പാനീയം നല്‍കിയശേഷം മുറിയിലെ ലൈറ്റ് ഓഫ്‌ചെയ്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ ആഭരണങ്ങള്‍ മോഷ്ടിക്കാനും ശ്രമം നടന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ക്വാട്ടേഴ്‌സില്‍ നിന്നും ഓടി രക്ഷപ്പെട്ട യുവതി ജി.ആര്‍.പി സ്റ്റേഷനിലെത്തുകയായിരുന്നു. സ്‌റ്റേഷനിലെത്തുമ്പോള്‍ യുവതി പാതി ബോധം നശിച്ച നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ സഹായമഭ്യര്‍ത്ഥിച്ച് നിലവിളിക്കുകയായിരുന്നു. രാവിലെ ബോധംവീണശേഷം യുവതി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിന്മേല്‍ ഖേംചന്ദിനെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisement