ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഐ.പി.എല്ലിലെ കുറഞ്ഞ സ്‌കോറുകളിലൊന്നാണ് രാജസ്ഥാനെതിരെ മുംബൈ നേടിയത്. ജൊഹാന്‍ ബോത്തയാണ് മാന്‍ ഓഫ് ദ മാച്ച്.

മുംബൈ ഉയര്‍ത്തിയ 95 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 45 റണ്‍സെടുത്ത ജൊഹാന്‍ ബോത്തയും 26 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. രാജസ്ഥാന് വേണ്ടി ജൊഹാന്‍ ബോത്ത മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Subscribe Us:

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈക്ക് തുടക്കത്തിലേ ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും അമ്പാട്ടി റായിഡുവും പരാജയപ്പെട്ടപ്പോള്‍ പിന്നീട് വന്നവരും തകര്‍ന്നടിയുകയായിരുന്നു. 17 റണ്‍സെടുത്ത സൈമണ്ട്‌സാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ജേക്കബ്‌സ് 15, രോഹിത് ശര്‍മ 13, ഹര്‍ഭജന്‍ സിംഗ് 10 (നോട്ടൗട്ട്) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന് ബാറ്റ്‌സ്മാന്‍മാര്‍.

ഈ വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യന്‍സ് ആണ് ഇപ്പോഴും ഒന്നാമത്.