ലണ്ടന്‍ :ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജകീയ വിവാഹം പ്രൗഡഗംഭീരമാക്കാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നു. യൂട്യൂബിലൂടെ വിവാഹം ലൈവ് ആയി കാണിക്കും എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വിവാഹത്തിനായി തയ്യാറാക്കിയ സൈറ്റിലൂടെ എല്ലാ വാര്‍ത്തകളും ഓരോ നിമിഷവും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്നും രാജകുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ട്വിറ്റര്‍ ,ഫെയ്‌സ്ബുക്ക്, ഫ്ല്‍ക്കര്‍ അക്കൗണ്ടുകളിലൂടെ രാജകീയ വിവാഹത്തിന്റെ വിവിധങ്ങളായ ഫോട്ടോകളും പ്രചരിക്കും. ഇതാദ്യമായിട്ടാണ് ഒരു രാജകീയവിവാഹരം യൂട്യൂബിലൂടെ ലൈവ് ആയിട്ട് സംപ്രേഷണം ചെയ്യുക. http://www.youtube.com/theroyalchannell ലില്‍ ആയിരിക്കും ലൈവ് ആയി വിവാഹം കാണാനാവുക. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ലൈവ് സംപ്രേഷണത്തിനായി മള്‍ട്ടി മീഡിയ ബ്ലോഗും തയ്യാറായിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇത്തരം സൈറ്റുകളിലൂടെ ആളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. വിവാഹപാര്‍ട്ടി നീങ്ങുന്ന വഴികളെക്കുറിച്ചും വിവരം ലഭിക്കും. ഇതു മാത്രമല്ല ജനങ്ങള്‍ക്ക് വില്യമിനെയും കെയ്റ്റ് മിഡില്‍ടണിനേയും ആശംസിക്കാനുള്ള അവസരവും യൂട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവാഹം ഓണ്‍ലൈനായി ലഭ്യമാക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഒരു വക്താവ് അറിയിച്ചു.

വിവാഹത്തിനു ശേഷവും കെയ്റ്റും വില്യമും സോഷ്യല്‍ സൈറ്റുകളില്‍ തുടരുമോ എന്ന ചോദ്യത്തിന് അത് അവരുടെ സ്വകാര്യമായ വിഷയമാണ് എന്നായിരുന്നു വക്താവ് പ്രതികരിച്ചത്. അതിനിടെ രാജകീയ വിവാഹത്തിനായി ലണ്ടന്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. റീജന്റ് സ്ട്രീറ്റില്‍ ഉടനീളം യൂണിയന്‍ പതാകകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.