ലണ്ടന്‍: ലോകം ആഘോഷിച്ച രാജകീയ വിവാഹത്തിന് പരിസമാപ്തിയായില്ല. എന്നാല്‍ മധുവിധു ഉടനേയുണ്ടാവില്ലെന്നാണ് കെയ്റ്റും വില്യം രാജകുമാരനും വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകജനതയെ സാക്ഷി നിര്‍ത്തി ഇവരുടെ വിവാഹം നടന്നത്.

വില്യമിന് അടുത്ത ദിവസംതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടി വന്നതാണ് കാരണം. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വില്യമിന് തന്റെ സെര്‍ച്ച് ആന്റ് റെസ്‌ക്യു പൈലറ്റ് ജോലിയില്‍ ഉടനെ പ്രവേശിക്കേണ്ടതുണ്ട്. അതിനാലാണ് ഹണിമൂണ്‍ നീട്ടിവെയ്ക്കുന്നതെന്ന് ക്ലാരന്‍സ് ഹൗസിലെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അവര്‍ താമസിക്കാനുദ്ദേശിക്കുന്ന സ്ഥലവും ഹണിമൂണിനു പോകാനുദ്ദേശിക്കുന്ന സ്ഥലവും സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നും വക്താവ് പറഞ്ഞു. തങ്ങളുടെ ജീവിതം പൊതുജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ രാജദമ്പതികള്‍ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.