Administrator
Administrator
പത്മനാഭസ്വാമി ക്ഷേത്രം: സുരക്ഷ ശക്തമാക്കാമെന്ന് രാജകുടുംബം
Administrator
Friday 16th September 2011 10:48am

pathmanabhaswami-templeന്യൂദല്‍ഹി: പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറകളുടെ സുരക്ഷ ശക്തമാക്കാമെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. വിദഗ്ധ സമിതി നിര്‍ദേശിക്കുന്ന സുരക്ഷ ക്ഷേത്രത്തിന് നല്‍കാന്‍ തയ്യാറാണെന്നും രാജകുടുംബം അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പത്തിന്റെ കണക്കെടുപ്പു സംബന്ധിച്ചു വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ സുപ്രീംകോടതി ഇന്ന് പരിശോധിക്കുകയാണ്. ക്ഷേത്രസുരക്ഷയ്ക്കായി പൊലീസ് തയാറാക്കിയ പഞ്ചതല പദ്ധതി കേരള സര്‍ക്കാര്‍ കോടതിക്കു രഹസ്യരേഖയായി സമര്‍പ്പിച്ചിട്ടുണ്ട്. ഈ പദ്ധതി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ണമായി നിലവില്‍വരുമെന്നും സര്‍ക്കാര്‍ പറയുന്നു.

സുരക്ഷാ ഉപകരണങ്ങള്‍ക്കു മാത്രം അഞ്ചുകോടി രൂപയാണു ചെലവു കണക്കാക്കുന്നത്. കേസ് കഴിഞ്ഞ തിങ്കളാഴ്ച പരിഗണിക്കാനാണ് ജഡ്ജിമാരായ ആര്‍. വി. രവീന്ദ്രന്‍, എ. കെ. പട്‌നായിക് എന്നിവര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഓണക്കാലമായതിനാല്‍ ഇടക്കാല റിപ്പോര്‍ട്ടിനു മറുപടി നല്‍കാന്‍ സര്‍ക്കാരിനു കൂടുതല്‍ സമയം വേണമെന്നു സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ലിസ് മാത്യു കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്കു മാറ്റിയത്. സുരക്ഷാ സംവിധാനങ്ങള്‍ തീരുമാനിക്കാന്‍ ബി നിലവറ തുറക്കുക, സംരക്ഷണത്തിനു സി.ആര്‍.പി.എഫിനെ നിയോഗിക്കുക, പരിശോധനകള്‍ക്കും മൂല്യനിര്‍ണയത്തിനും വിവിധ ഏജന്‍സികളുടെ സഹായം തേടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദേശീയ മ്യൂസിയം ഡയറക്ടര്‍ സി. വി. ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.

സുരക്ഷയ്ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ക്ഷേത്രത്തിനുമുള്ള ചെലവുകള്‍ ഉള്‍പ്പെടുത്താതെ 2,98,82,000 രൂപയാണ് കണക്കെടുപ്പു നടപടികള്‍ക്ക് ഇടക്കാല ബജറ്റായി സമിതി നിര്‍ദേശിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയില്‍ ബി നിലവറ തുറക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ചു പരാമര്‍ശമൊന്നുമില്ല. എന്നാല്‍, ക്ഷേത്രസംരക്ഷണം സിആര്‍പിഎഫിനെ ഏല്‍പിക്കാമെന്ന നിര്‍ദേശത്തോടു സര്‍ക്കാര്‍ പൂര്‍ണമായി വിയോജിച്ചു: ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ക്ഷേത്രസമ്പത്തിനെക്കുറിച്ചുള്ള വെളിപ്പെടലുകളുടെ പശ്ചാത്തലത്തിലുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ചു സര്‍ക്കാരിനും പൊലീസിനും പൂര്‍ണബോധ്യമുണ്ട്.

ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സംസ്ഥാന പൊലീസ് പര്യാപ്തമായതിനാല്‍ സിആര്‍പിഎഫിന്റെയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയുടെയോ സഹായം ആവശ്യമില്ല. കൂടുതല്‍ പൊലീസുകാരെ ക്ഷേത്രസുരക്ഷയ്ക്കു നിയോഗിക്കണമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.കണക്കെടുപ്പിനു വിവിധ ഏജന്‍സികളുടെ സഹായം തേടുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ അഭിപ്രായം പറയുകയില്ല. ആരുടെ സഹായം തേടണമെന്നു തീരുമാനിക്കേണ്ടതു വിദഗ്ധ സമിതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സികളുടെ സഹായം ലഭ്യമാക്കുന്നതിനോട് എതിര്‍പ്പില്ല. അതിനു സര്‍ക്കാരുമായി സമിതി ധാരണയുണ്ടാക്കണം. സമിതിയുടെ ചെലവുകള്‍ക്കുള്ള പണം കോടതിയുടെ നിര്‍ദേശാനുസരണം റജിസ്ട്രിയില്‍ നിക്ഷേപിക്കും.

Advertisement