പെര്‍ത്ത്: യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് ബാറ്റിംഗില്‍ റൊട്ടേഷന്‍ സമ്പ്രദായം നടത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി സെവാഗിനെ ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടാണ് താനും സച്ചിനും ഗംഭീറുമുള്‍പ്പെടുന്ന ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ക്ക് വീതം വിശ്രമം കൊടുത്തുകൊണ്ട് ഇനി മുതല്‍ പരമ്പരയില്‍ കളിക്കാന്‍ തീരുമാനിച്ചതെന്ന് സെവാഗ് വ്യക്തമാക്കി.

ഏകദിന ടീമിലേക്ക് സച്ചിന്‍ കൂടി മടങ്ങിയെത്തിയതോടെ ടീമിലെ ഏതെങ്കിലും ഒരാളെ ഒഴിവാക്കിയേ മതിയാവൂ എന്നതായി അവസ്ഥ. എന്നാല്‍ ഇതിനുവേണ്ടി രോഹിത് ശര്‍മ്മയെ പോലെയും സുരേഷ് റെയ്‌നയെ പോലെയുമുള്ള താരങ്ങളെ ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

അതുകൊണ്ട് തന്നെ ഓപ്പണിംങ്ങില്‍ ഒരാളെ വീതം മാറ്റിപരീക്ഷിക്കാനാണ് ടീം തീരുമാനിച്ചിട്ടുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനുള്ള മത്സരത്തില്‍ താന്‍ കളിക്കുകയാണെങ്കില്‍ സച്ചിനോ ഗംഭീറോ പുറത്തിരിക്കേണ്ടി വരും.

ഇത് വിവാദമാകാതിരിക്കാനാണ് റൊട്ടേഷന്‍ സമ്പ്രദായം വിശദീകരിച്ച് കൊണ്ട് താന്‍ പത്രസമ്മേളനം നടത്തിയതെന്നും സെവാഗ് വ്യക്തമാക്കി. ത്രിരാഷ്ട്ര പരമ്പരയില്‍ യുവതാരങ്ങള്‍ക്കെല്ലാം അവസരം കൊടുക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം.

ഓരോ സാഹചര്യങ്ങളുമായും അവര്‍ കൂടുതല്‍ പരിചയപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരീക്ഷണം. മികച്ച യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. അവരെ ലോകകപ്പിന് സജ്ജരാക്കുകയാണ് ടീമിന്റെ ലക്ഷ്യം. സെവാഗ് വ്യക്തമാക്കി.
Malayalam News

Kerala News In English