ഹൈദരാബാദ്: കിരണ്‍കുമാര്‍ റെഡ്ഢി അന്ധ്രപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാകും. നിലവില്‍ നിയമസഭാ സ്പീക്കറാണ് റെഡ്ഢി. സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ 10.30ന് നടക്കും. മുഖ്യമന്ത്രിയായിരുന്ന കെ.റോസയ്യ ഇന്ന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. അനാരോഗ്യംമൂലം രാജി വയ്ക്കുകയാണെന്ന് രാജിക്കാര്യം അറിയിച്ച ശേഷം റോസയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജഗന്‍മോഹന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലായിരുന്ന റോസയ്യ ഹൈക്കമാന്റ് നിര്‍ദേശ പ്രകാരമാണ് രാജിവെച്ചതെന്നാണ് സൂചന. ആന്ധ്രാപ്രേദേശില്‍ ഈയിടെ നടന്ന ചില സംഭവങ്ങളാണ് റോസയ്യയുടെ രാജിക്കു പിന്നിലെന്നാണ് പറയുന്നത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ചാനലായ സാക്ഷിയില്‍ രണ്ടുദിവസം മുന്‍പ് സംപ്രേഷണം ചെയ്ത പരിപാടിയാണ് റോസയ്യയുടെ രാജിയിലെത്തിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ പരിപാടിയില്‍ വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് റോസയ്യ ദല്‍ഹിയിലേക്ക് പോയത്.