ഓള്‍ഡ് ട്രാഫോര്‍ഡ്: പ്രീമിയര്‍ ലീഗിലെ ആവേശകരമായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. ഫോമിലേക്ക് തിരിച്ചെത്തിയ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി നേടിയ ‘ഓവര്‍ഹെഡ്’ ഗോളാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്.

നാല്‍പ്പതാം മിനുറ്റില്‍ നാനിയുടെ ഉജ്വലഗോളോടെ യുണൈറ്റഡാണ് മുന്നിലെത്തിയത്. എന്നാല്‍ അറുപത്തിനാലാം മിനുറ്റില്‍ ഡേവിഡ് സില്‍വ സിറ്റിക്ക് സമനില നേടിക്കൊടുത്തു.

കളി സമനിലയിലവസാനിക്കുമെന്ന നിലയിലേക്ക് നീങ്ങുമ്പോഴാണ് വിജയഗോളുമായി റൂണി രക്ഷകനായത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ റൂണി നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. നാനി നല്‍കിയ പാസ് വായുവില്‍ തിരഞ്ഞുള്ള ഒരു ബൈസിക്കിള്‍ കിക്കിലൂടെ റൂണി വലയിലാക്കുകയായിരുന്നു.

57 പോയിന്റോടെ യുണൈറ്റഡ് ഒന്നാംസ്ഥാനത്തും 53 പോയിന്റുള്ള ആര്‍സനല്‍ രണ്ടാംസ്ഥാനത്തുമാണ്. 49 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാംസ്ഥാനത്ത്.