റിയോ ഡീ ജെനേറോ: ബ്രസീല്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ 2014ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന്റെ നായകനായേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്തദിവസം തന്നെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പിന്റെ നേതൃസ്ഥാനം വഹിക്കാനുള്ള ക്ഷണം റൊണാള്‍ഡോ സ്വീകരിച്ചെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെയുണ്ടാവുമെന്നും മാധ്യമങ്ങള്‍ പറയുന്നു. ഈ ആവശ്യം അറിയിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രസിഡന്റ് റിക്കാര്‍ഡോ ടെക്‌സീറിയയും ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ നേതാവുമാണ് റൊണാള്‍ഡോയെ ചെന്നുകണ്ടത്. എന്നാല്‍ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ ടെക്‌സീറിയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താവുമെന്ന് ഇതിനര്‍ത്ഥമില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

‘ഏതായാലും ക്ഷണം റൊണാള്‍ഡ് സ്വീകരിച്ചുകഴിഞ്ഞു. തീരുമാനങ്ങള്‍ ഇനിയുള്ള ദിവസങ്ങള്‍ അറിയാം.’ വാര്‍ത്ത പുറത്തുവിട്ട ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗം പറഞ്ഞു.

1989ല്‍ ബ്രസീലിയന്‍ ഫുട്‌ബോളിനെ നയിച്ച ടെക്‌സീറിയ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. എന്നാല്‍  ചില അഴിമതിക്കേസുകളില്‍ ഇദ്ദേഹത്തിന് പങ്കുള്ളതായി ബ്രസീലിലെ ഫെഡറല്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ഈ ആരോപണങ്ങളെ നിഷേധിച്ചെങ്കിലും അഴിമതിക്കേസില്‍ ആരോപണവിധേയനായ ഒരാളെ ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റിന്റെ സംഘാടക സ്ഥാനം നല്‍കുന്ന ശരിയല്ലെന്ന അഭിപ്രായം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച റൊണാള്‍ഡോയെ മുഖ്യസംഘാടകനാക്കാന്‍ തീരുമാനിച്ചത്.

മൂന്ന് തവണ ലോകത്തിലെ മികച്ച കളിക്കാരന്‍ എന്ന സ്ഥാനം കരസ്ഥമാക്കിയ റൊണാള്‍ഡോ ലോകകപ്പിലും വന്‍നേട്ടങ്ങള്‍ കൊയ്തയാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ ലോകകപ്പിന്റെ സംഘാടകരുടെ നേതൃസ്ഥാനത്ത് നിര്‍ത്തുന്നതിന് ശക്തമായ പിന്തുണയും ലഭിച്ചിട്ടുണ്ട്.

Malayalam news, Kerala news in English