മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ റയാല്‍ മാഡ്രിഡ് മുന്നേറ്റം തുടരുന്നു. ഇന്നലെ നടന്ന ലാ ലീഗായില്‍ ലാവന്റെയെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് റയാല്‍ മുട്ടുകുത്തിച്ചത്.

സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് അടിച്ചു. കാരിം ബെന്‍സ്മയാണ് ഒരു ഗോളടിച്ചത്.

ഗുസ്താവോ കാബ്രാല്‍ കോനെ എന്നിവരാണ് ലാവന്റെയുടെ സ്‌കോറര്‍മാര്‍.ഒരു ഗോളിനു പിന്നിട്ട നിന്ന ശേഷമാണ് റയാല്‍ തിരിച്ചടിച്ചത്. ലാവന്റെയുടെ മിഡ്ഫീല്‍ഡര്‍ വിസെന്റെ ഇബോറ ഗ്രൗണ്ടില്‍ പന്ത് കൈകാര്യം ചെയ്തതിലെ പിഴവിന് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് റയാലിനു ഗുണം ചെയ്തു.

കിക്കെടുത്ത ക്രിസ്റ്റിയാനോ ടീമിനെ 1-1 ന് ഒപ്പത്തിനൊപ്പം എത്തിച്ചു. ഇടവേള കഴിഞ്ഞ് അഞ്ചാം മിനുട്ടില്‍ ഗോണ്‍സാലോ ഹ്വിഗ്വെയ്‌ന്റെ ക്രോസില്‍ ക്രിസ്റ്റിയാനോ രണ്ടാം ഗോളും നേടി. ഏഴുമിനുട്ടിനു ശേഷം ഗോള്‍ ഏരിയയ്ക്ക് പുറത്ത് നിന്ന് തകര്‍പ്പന്‍ ലോങ്ങ് റേഞ്ചിലൂടെ ലെവന്റെ വലകുലുക്കി റൊണാള്‍ഡോ ഹാട്രിക് തികയ്ക്കുകയായിരുന്നു.

സീസണില്‍ ആറാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് അടിക്കുന്നത്. 2009 ല്‍ റയാലില്‍ എത്തിയ ശേഷം ക്രിസ്റ്റിയാനോ നേടുന്ന 13ാമത്തെ ഹാട്രിക് കൂടിയാണ് ഇത്. 27 ഗോളടിച്ച ക്രിസ്റ്റിയാനോയാണ് ഗോള്‍വേട്ടയില്‍ മുന്നില്‍.

23 ഗോളടിച്ച ബാഴ്‌സലോണ കിംഗ് മെസ്സിയാണ് രണ്ടാമത്. 22 കളികളില്‍ നിന്ന് 58 പോയിന്റ് നേടിയാണ് റയാല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ബാഴ്‌സയ്ക്ക് 48 പോയിന്റാണ് ഉള്ളത്. 40 പോയിന്റ് സ്വന്തമാക്കിയ വലന്‍സിയയാണ് മൂന്നാമന്‍. 32 പോയിന്റുമായി ലാവന്റെ നാലാം സ്ഥാനത്താണ്.

Malayalam News

Kerala News In English