റിയോ ഡീ ജനീറോ: ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി. ബ്ര്‌സീലിന്റെ പുതിയ പരിശീലകന്‍ ലൂയിസ് ഫിലിപ്പ് സ്‌കോളാരിയോ ആണ് റൊണാള്‍ഡിഞ്ഞോയ്ക്ക് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.

Ads By Google

2002 ലെ ലോകകപ്പില്‍ ബ്രസീലിനെ നയിച്ച പരിശീലകനാണ് സ്‌കോളാരിയോ. കഴിഞ്ഞ നവംബറിലാണ് സ്‌കോളാരിയോ വീണ്ടും ബ്രസീല്‍ കോച്ചിന്റെ കുപ്പായമണിഞ്ഞത്. 2014 ലെ ലോകകപ്പില്‍ ബ്രസീലിലേക്ക് വീണ്ടും കപ്പെത്തിക്കുകയാണ് സ്‌കോളാരിയോയുടെ ചുമതല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് റൊണാള്‍ഡിഞ്ഞോ അവസാനമായി ബ്രസീലിന് വേണ്ടി ജേഴ്‌സി അണിഞ്ഞത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രസീല്‍ ടീമില്‍ തലകാണിക്കുകയും പുറത്താവുകയും ചെയ്യുകയാണ് റൊണാള്‍ഡിഞ്ഞോ.

മോശം പ്രകടനത്തെ തുടര്‍ന്ന് 2010 ലെ ഫുട്‌ബോള്‍ ലോകകപ്പിലും റൊണാള്‍ഡിഞ്ഞോയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫയുടെ മികച്ച ഫുട്‌ബോളറായിരുന്ന റൊണാള്‍ഡിഞ്ഞോ കുത്തഴിഞ്ഞ ജീവിതത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ലോകത്ത് നിന്നും ആരാധകരുടെ മനസ്സില്‍ നിന്നും പുറത്താവുകയായിരുന്നു.

റൊണാള്‍ഡിഞ്ഞോയില്‍ മികച്ച കളിക്കാരന്‍ ഇപ്പോഴുമുണ്ടെന്നും അതിനാലാണ്  അദ്ദേഹത്തെ ടീമില്‍ തിരിച്ചെടുത്തതെന്നുമാണ് സ്‌കോളാരിയോ പറയുന്നത്. എന്തായാലും ആരാധകരും പ്രതീക്ഷയിലാണ് റൊണാള്‍ഡിഞ്ഞോയുടെ പുതിയൊരു തിരിച്ചുവരവിനായി.