Administrator
Administrator
ക്യാന്‍സറിനെ കീഴടക്കാന്‍ പരീക്ഷണശാലയില്‍ മരുന്നൊരുങ്ങുന്നു
Administrator
Monday 4th January 2010 11:01am

rojerതിരുവനന്തപുരം: ലോകം പേടിയോടെ കാണുന്ന ക്യാന്‍സറിനെ കീഴടക്കാനുള്ള ഗവേഷണം ഉടന്‍ വിജയം കാണുമെന്ന് നൊബേല്‍ സമ്മാന ജേതാവും വിഖ്യാത രസതന്ത്ര ശാസ്ത്രജ്ഞനുമായ റോജര്‍ വൈ സീന്‍. ജെല്ലി ഫിഷുകളില്‍നിന്ന് വേര്‍തിരിക്കുന്ന ഗ്രീന്‍ ഫ്‌ളൂറസെന്റ് പ്രോട്ടീന്‍ ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ ചിത്രീകരിക്കാനും അവയുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രോഗബാധിതമായ കോശങ്ങളെ കൃത്യമായി കണ്ടെത്തി അവിടെ മാത്രം മികച്ച ചികിത്സ നല്‍കാന്‍ ഇത് മൂലം കഴിയും. ചികിത്സയുടെ ഫലമായി മറ്റ് കോശങ്ങള്‍ നശിക്കുന്നത് ഒഴിവാക്കാനാകും. ഗവേഷണം പാതി വഴിയിലേറെ പിന്നിട്ടുവെന്ന് റോജര്‍ പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്ര കോഗ്രസില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം. അള്‍ഷിമേഴ്‌സ് രോഗത്തിനു കാരണമായ കോശങ്ങളെ കണ്ടെത്താനും പ്രതിവിധിക്കുമായി ഇതേ വഴി തേടുകയാണ് റോജര്‍. ന്യൂറോസയന്‍സിന് ഇത് വലിയ നേട്ടമാകുമെന്ന് അദ്ദേഹം പറയുന്നു.

പരീക്ഷണം വിജയത്തിലെത്തുന്നതോടെ വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പസഫിക് സമുദ്രത്തിലെ ഒരു തരം ജെല്ലിഫിഷില്‍നിന്ന് വേര്‍തിരിച്ച തിളങ്ങുന്ന പ്രോട്ടീനുകളെ ഉപയോഗപ്പെടുത്തി ജീവകോശങ്ങളുടെ കണികകളുടെ പ്രവര്‍ത്തനം അനാവരണം ചെയ്തതിനാണ് 2008ല്‍ റോജറിന് നൊബേല്‍സമ്മാനം ലഭിച്ചത്.

ആഗോള താപനത്തിന്റെ ഫലമായി ജെല്ലി ഫിഷുകള്‍ വന്‍തോതില്‍ കുറയുന്നതായും അദ്ദേഹം പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പസഫിക് സമുദ്രത്തില്‍ ബക്കറ്റ് മുക്കിയാല്‍ നൂറുകണക്കിന് ജെല്ലിഫിഷ് ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ അവ അപൂര്‍വമായി. കാലാവസ്ഥാ വ്യതിയാനവും ജലത്തിലെ അമ്ലവര്‍ധനയും അവയെ സര്‍വനാശത്തിലേക്ക് എത്തിച്ചിരിക്കുന്നു. പരിസ്ഥിതിനാശത്തിന്റെ ഉല്‍പ്പന്നമായ പുതിയയിനം വൈറസുകളുടെ വ്യാപനം മഹാവ്യാധികളില്ലാത്ത ലോകത്ത് ജീവിക്കാമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് വിലങ്ങുതടിയാകുമെന്ന് റോജര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന റോജര്‍ പറഞ്ഞു. കാലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ റോജറിന്റെ മുന്‍ തലമുറ ചൈനീസ് വംശജരാണ്. പതിനാറാം വയസ്സില്‍തന്നെ ശാസ്ത്രരംഗത്തെ മികവിന് അവാര്‍ഡ് നേടിയ അദ്ദേഹം കേംബ്രിഡ്ജില്‍നിന്ന് ഡോക്ടറേറ്റ് നേടി. ജൈവരസതന്ത്രത്തില്‍ അറുപതോളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് നേടിയിട്ടുണ്ട്.

Advertisement