ന്യൂദല്‍ഹി: ഐ.പി.എല്ലിലെ ട്രോഫികള്‍ ഉയര്‍ത്തുന്നത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ശീലമാക്കി മാറ്റിയതാണ്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു ടൈറ്റിലിന് കൂടി രോഹിത് ഉടമയായിരിക്കുകയാണ്. എന്താണെന്നോ ഏതൊരു കുട്ടിയുടേയും മനസിലൂടെ ഒരിക്കലെങ്കിലും കടന്നു പോയ ആഗ്രഹമാണത്, ഗുസ്തി വീരന്മാരുടെ കിരീടമായ ഡബ്ല്യൂ.ഡബ്ലൂ.ഇ ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ്.

മുംബൈ ഇന്ത്യന്‍സിനായുള്ള കസ്റ്റം മെയ്ഡ് ബെല്‍റ്റ് സമ്മാനിച്ചത് സാക്ഷാല്‍ ട്രിപ്പിള്‍ എച്ച് എന്ന ഗുസ്തി ആരാധകരുടെ പ്രിയതാരവും ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്ാണ്. ബെല്‍റ്റിന്റെ പ്ലേറ്റുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്.

മുംബൈ മൂന്നാം വട്ടവും ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ടീമിനും നായകനും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിലൊരാളായിരുന്നു ട്രിപ്പിള്‍ എച്ച് എന്ന് ഓമനപേരിട്ട് വിളിക്കുന്ന ഗുസ്തിതാരം ഹോംവാര്‍ഡ് ഹെംസ്ലി. ഒപ്പം പുള്ളി ഒരു വാ്ഗ്ദാനവും നല്‍കി, ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ്. എന്നാല്‍ നാളിത്രയും കഴിഞ്ഞപ്പോള്‍ അതെല്ലാം പുള്ളി മറന്നെന്നിരിക്കുകയായിരുന്നു രോഹിത്. അപ്പോഴാണ് അമേരിക്കയില്‍ നിന്നും രോഹിതിന് സമ്മാനമെത്തുന്നത്.

രോഹിതിനുള്ള ബെല്‍റ്റ് തയ്യാറായെന്ന് കഴിഞ്ഞ ദിവസം ട്രിപ്പിള്‍ എച്ച് ട്വീറ്റ് ചെയ്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ മികച്ച തിരിച്ചു വരവിന് ശ്രമിക്കുന്ന രോഹിത് ഈ സ്‌പെഷ്യല്‍ സമ്മാനം ഊര്‍ജ്ജനം പകരുമെന്നാണ് കരുതുന്നത്. ബെല്‍റ്റുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ രോഹിത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

This is unreal 😲thank you Triple-H and @wwe for sending this @mumbaiindians

A post shared by Rohit Sharma (@rohitsharma45) on