എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂരില്‍ രോഹിതിന്റെ ദീപാവലി വെടിക്കെട്ട് ; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
എഡിറ്റര്‍
Saturday 2nd November 2013 6:26pm

ROHITH2

ബാംഗ്ലൂര്‍: ദീപാവലി ദിനത്തില്‍ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് രോഹിത് ശര്‍മ്മയുടെ വക റണ്ണുകളുടെ വെടിക്കെട്ട് .

ഓസീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക്  ഇരട്ട സെഞ്ചുറി (209). ഈ നോട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ താരമാണ് രോഹിത്.

രോഹിതിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തു. രോഹിതിനെ കൂടാതെ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും(60) ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും(62) ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

ഓപ്പണറായിറങ്ങിയ രോഹിത് സിക്‌സറുകളുടെയും ഫോറുകളുടെയും മാലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍ സ്റ്റേഡിയം ശരിക്കുമൊരു ദീപാവലി ആഘോഷത്തിന്റെ പ്രതീതിയിലായിരുന്നു.

ഗ്രൗണ്ടിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് രോഹിത് ശര്‍മ്മയയുടെ ബാറ്റില്‍ നിന്ന് റണ്ണുകള്‍ പ്രവഹിച്ചപ്പോള്‍ ദീപാവലി ആഘോഷം കെങ്കേമമായ നിര്‍വൃതിയിലായി കാണികള്‍.

114 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രോഹിത്  158 പന്തില്‍ 16 സിക്‌സും 12 ഫോറും ഉള്‍പ്പെടെ 209 റണ്‍സെടുത്താണ് അവസാന ഓവറില്‍ പുറത്തായത്.

ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി രോഹിത്. 219 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗാണ് ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍.

2010ല്‍ 200 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി കണ്ടെത്തിയ മറ്റൊരു താരം. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ചുറി സ്വന്തമാക്കിയത് സച്ചിനായിരുന്നു.

Advertisement