എഡിറ്റര്‍
എഡിറ്റര്‍
ശര്‍മ്മ കസറി, ഓസീസ് പതറി, ഇന്ത്യക്ക് പരമ്പര
എഡിറ്റര്‍
Saturday 2nd November 2013 10:10pm

SHARMMA32

ബാംഗ്ലൂര്‍:  ദീപാവലി ദിനത്തില്‍ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരകണക്കിന് ക്രിക്കറ്റ് പ്രേമികളെ കാഴ്ചക്കാരാക്കി രോഹിത് ശര്‍മ്മ റണ്ണുകളുടെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യക്ക് ജയവും പരമ്പരയും.

ഓസീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യ ഓസീസിനെ  57 റണ്‍സിന് തോല്‍പ്പിച്ചു.

ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-2ന്  സ്വന്തമാക്കി. മഴകാരണം പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തു. മറുപടി ബാ്റ്റിംഗാരംഭിച്ച ഓസീസ് 45.1 ഓവറില്‍ 326 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

116 രണ്‍സെടുത്ത ജയിംസ് ഫോക്‌നറും 60 റണ്‍സെടുത്ത മാക്‌സവെല്ലും 40 രണ്‍സെടുത്ത ഹാഡിനും മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങാനായത്.

ഇന്ത്യക്കായി മുഹമ്മദ് സാമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിന്‍ രണ്ടും വിനയ് കുമാര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മ്മ നേടിയ ഇരട്ട സെഞ്ചുറിയുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഓപ്പണറായിറങ്ങിയ രോഹിത് സിക്‌സറുകളുടെയും ഫോറുകളുടെയും മാലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍ സ്റ്റേഡിയം ശരിക്കുമൊരു ദീപാവലി ആഘോഷത്തിന്റെ പ്രതീതിയിലായിരുന്നു.

ഗ്രൗണ്ടിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് രോഹിത് ശര്‍മ്മയയുടെ ബാറ്റില്‍ നിന്ന് റണ്ണുകള്‍ പ്രവഹിച്ചപ്പോള്‍ ദീപാവലി ആഘോഷം കെങ്കേമമായ നിര്‍വൃതിയിലായി കാണികള്‍. ഇന്ത്യയുടെ 383 റണ്‍സ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഏറ്റവുമുയര്‍ന്ന ഏകദിന സ്‌കോറാണ്.

114 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രോഹിത്  158 പന്തില്‍ 16 സിക്‌സും 12 ഫോറും ഉള്‍പ്പെടെ 209 റണ്‍സെടുത്താണ് അവസാന ഓവറില്‍ പുറത്തായത്.

രോഹിതിനെ കൂടാതെ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും(60) ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും(62) ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

Advertisement