എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും രോഹിത്, ഇന്ത്യക്ക് ലീഡ്
എഡിറ്റര്‍
Thursday 7th November 2013 5:55pm

ROHITASWIN

കൊല്‍ക്കത്ത: ഒരാഴ്ച മുമ്പ് ദീപാവലി ദിനത്തില്‍ ഓസീസിനെ തകര്‍ത്ത ബാറ്റിംഗ് കരുത്ത് രോഹിത് ശര്‍മ്മ വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിലും ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 120 റണ്‍സിന്റെ ലീഡുണ്ട്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 234നെതിരെ മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 354 റണ്‍സെടുത്തു.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും (127*)തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിക്ക് എട്ട്് റണ്‍സകലെ നില്‍ക്കുന്ന സ്പിന്നര്‍ രവിചന്ദ്ര അശ്വിനുമാണ് (92*)ക്രീസില്‍.

പേര് കേട്ട ഇന്ത്യന്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്രീസില്‍ ഒത്തുചേര്‍ന്ന രോഹിതും അശ്വിനുമാണ് ഇന്ത്യയെ രക്ഷിച്ചത്.
ആറ് വിക്കറ്റിന് 156 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു അശ്വിനും രോഹിത് ശര്‍മ്മയും ഒന്നിച്ചത്.

ദീപാവലി ദിവസം ഓസീസിനെ തകര്‍ത്ത ബാറ്റിംഗ് വെടികെട്ടിന്റെ തുടര്‍ച്ചയെന്നോണം രോഹിത് ശര്‍മ്മയും ഇരുത്തം വന്ന മധ്യനിര ബാറ്റ്‌സ്മാനെപ്പോലെ ആര്‍.അശ്വിനും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയായിരുന്നു.

തകരാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇത് വരെ ഇരുവരും 198 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 194 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടേയും ഒരു സിക്‌സറിന്റേയും സഹായത്തിലാണ് രോഹിത് സെഞ്ച്വറി നേടിയത്.

71 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളോടെയായിരുന്നു അശ്വിന്റെ അര്‍ധ സെഞ്ച്വറി.  നേരത്തെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10 റണ്‍സ് മാത്രമെടുത്ത് പുറത്തായി.

24 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത സച്ചിന്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ പന്തില്‍ എല്‍.ബി.ഡബ്യുവില്‍ കുരുങ്ങിയാണ് പുറത്താവുകയായിരുന്നു. എന്നാല്‍ സച്ചിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനം തെറ്റായിരുന്നെന്ന് പിന്നീട് ടെലിവിഷന്‍ റീപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു.

സച്ചിന്റെ ബാറ്റിലുരഞ്ഞതിന് ശേഷമാണ് പന്ത് പാഡില്‍ കൊണ്ടത്. ശിഖര്‍ധവാനും(23) മുരളി വിജയും(26) ചേതേശ്വര്‍ പൂജാരയും(17) സച്ചിനും(10), വിരാട് കോഹ്ലി(3)യും ധോണിയുമാണ് പുറത്തായത്.

വിക്കറ്റ് പോകാതെ 37 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. എന്നാല്‍ 42 റണ്‍സെത്തിയപ്പോഴെക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത് ശിഖര്‍ധവാനാണ് ആദ്യം പുറത്തായത്. പിന്നാലെ 26 റണ്‍സെടുത്ത മുരളി വിജയും പുറത്തായി.

പൂജാര (17), കോഹ്‌ലി (3) എന്നിവരും സച്ചിനൊപ്പം പുറത്തായതോടെ ഇന്ത്യയുടെ അവസ്ഥ പരുങ്ങലിലായി. എന്നാല്‍ പിന്നീട് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ധോണിയും രോഹിതും രക്ഷാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

ഇരുവരും കൂടി ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനോട് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധോണി പുറത്തായതിന് പിന്നാലെയാണ് അശ്വിന്‍ ക്രീസിലെത്തിയത്. സച്ചിന്റേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഷെയ്ന്‍ ഷില്ലിംഗ്‌ഫോര്‍ഡാണ് ഇന്ത്യയുടെ മുന്‍ നിരയെ തകര്‍ത്തത്.

ശേഷിച്ച രണ്ട് ബെസ്റ്റും കോട്രല്ലും പങ്കിട്ടു. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ 234 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് ദിവസമവശേഷിക്കെ ടെസ്റ്റില്‍ ഇന്ത്യക്ക് ജയപ്രതീക്ഷയുണ്ട്. നാളെ പെട്ടെന്ന് സ്‌കോര്‍ ചെയ്ത് വിന്‍ഡീസിനെ നേരത്തെ ബാറ്റിംഗിനയക്കാനാവും ഇന്ത്യന്‍ ശ്രമം.

Advertisement