ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതുകൊണ്ടു അവരെ രാജ്യത്ത് നിലനിര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളാണെന്നും അവര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നുമുള്ള നിലപാടാണ് കോടതിയില്‍ സര്‍ക്കാര്‍ എടുത്തതെന്നും സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: സിക്കര്‍: ചെങ്കൊടിക്ക് കീഴിലെ കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം


ഇതാദ്യമായല്ല റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്രം മുന്നോട്ടുവരുന്നത്. കഴിഞ്ഞ ദിവസം കാശ്മീര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് പറഞ്ഞിരുന്നു.

അതേസമയം മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള അവശ്യവസ്തുക്കള്‍ ഇന്ത്യ എത്തിച്ചുകൊടുത്തു. വ്യോമസേനയുടെ നേതൃത്വത്തിലാണ് അഭയാര്‍ത്ഥിക്യാംപിലേയ്ക്കുള്ള സാധനങ്ങള്‍ ഇന്ത്യ എത്തിച്ചുകൊടുത്തത്.