ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യകളെ ഉടന്‍ തിരിച്ചയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥി സിംഗ്. ഇവരെ അഭയാര്‍ത്ഥികളായി കണക്കാക്കാനാവില്ലെന്നും നിയമ വിരുദ്ധ കുടിയേറ്റക്കാരാണിവരെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.

‘റോഹിങ്ക്യ അഭയാര്‍ത്ഥികളുടേത് മനുഷ്യാവകാശ പ്രശ്‌നമല്ല. റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ മ്യാന്‍മര്‍ തയ്യാറാകണം.’

ഇന്ത്യക്കാര്‍ എന്തിന് അവരുടെ മൗലികാവകാശത്തെ കുറിച്ച് ആശങ്കപ്പെടണമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായ എച്ച് എല്‍ ദത്തുവിന്റെ സാന്നിദ്ധ്യത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.


Also Read: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയില്‍


നേരത്തേ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോഹിങ്ക്യന്‍ വിഷയം ഒരു മനുഷ്യാവകാശ പ്രശ്‌നമാണെന്നെന്ന് എച്ച് എല്‍ ദത്തു പറഞ്ഞിരുന്നു. റോഹിങ്ക്യകള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.

അതേസമയം മ്യാന്‍മറിലെ വംശഹത്യയില്‍ റോഹിങ്ക്യകള്‍ സാറ്റലൈറ്റ് മാപ്പില്‍ നിന്നു തന്നെ അപ്രത്യക്ഷ്യമായിരിക്കുകയാണെന്ന് ആംനസറ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.