ന്യൂയോര്‍ക്ക്: നാസയുടെ പര്യവേഷണ വാഹനമായ ഡിസ്‌കവറി അതിന്റെ അവസാന കുതിപ്പിന് തയ്യാറെടുക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് റോബോ-2 എന്ന ഹ്യൂമനോയ്ഡ് റോബോട്ടാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള കന്നിയാത്രക്കാണ് റോബോ-2 തയ്യാറെടുക്കുന്നത്.

ജിഎം , നാസ എഞ്ചിനീയര്‍മാരുടെ കൂട്ടായ ശ്രമമാണ് റോബോ2 ന്റെ പിറവിയിലേക്ക് നയിച്ചത്. 2007 ലായിരുന്നു റോബോ2 ന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അപകടംപിടിച്ച ജോലികളെല്ലാം ഇവന്‍ ചെയ്തുകൊള്ളും.

തന്റെ മുന്‍ഗാമിയായ റോബോ-1 നേക്കാളും സാങ്കേതികതികവാര്‍ന്നതാണ് റോബോ-2 എന്ന് നാസ അധികൃതര്‍ അറിയിച്ചു. യന്ത്രസംവിധാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോ-2 കൂടുതല്‍ സൂക്ഷ്മതയും കൃത്യതയും പുലര്‍ത്തുന്നുണ്ട്.

ണ്ടുവര്‍ഷത്തിനുള്ളില്‍ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഒറ്റക്ക് ശൂന്യാകാശത്തേക്ക് എത്തിക്കാനും നാസക്ക് പദ്ധതിയുണ്ട്. ഏതാണ്ട് 450 മില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ് നാസ ലക്ഷ്യം കാണുന്നത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനേക്കാളും ലാഭമാണ് റോബോട്ടിനെ അയക്കുക എന്നത്. ശ്വസിക്കാന്‍ വായുവോ ആഹാരമോ ഒന്നും റോബൊട്ടിന് വേണ്ടിവരില്ല. എന്നാല്‍ മനുഷ്യന്റെ ബുദ്ധിയും വിവേകവും ഇല്ലാത്ത റൊബോട്ടുകള്‍ ഏതുവിധത്തില്‍ പ്രവര്‍ത്തിക്കും എന്നത് നാസയെ കുഴക്കുന്നുണ്ട്.