ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര സോഷ്യല്‍ നെറ്റ്വര്‍ക്കിങ്‌ സൈറ്റായ ഫെയ്‌സ്ബുക്കിന്റെ ഉപയോഗം നിര്‍ത്തി.

‘മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപ്പബ്ലിക്’ എന്ന അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലെ പോസ്റ്റിങ് വിവാദമായതിനെ തുടര്‍ന്നാണ് ഉപയോഗം നിര്‍ത്തിയത്.

Ads By Google

വധേരയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും അരവിന്ദ് കെജ്‌രിവാള്‍ സംഘവും രംഗത്തെത്തിയിരുന്നു. സാധാരണക്കാരെ കളിയാക്കുന്നതാണ് വധേരയുടെ പ്രസ്താവനയെന്ന് കെജ്‌രിവാളും ബി.ജെ.പിയും ആരോപിച്ചു.

തമാശ ഉള്‍ക്കൊള്ളാതെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവരാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന്‌ റോബര്‍ട്ട് വധേര പ്രതികരിച്ചു.

അതേസമയം റോബര്‍ട്ട് വധേരയ്‌ക്കെതിരെ വ്യക്തമായ തെളിവുകളില്ലാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പി.ചിദംബരം വ്യക്തമാക്കി.

ഒരു വ്യക്തിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാരിന് ഇക്കാര്യങ്ങളില്‍ ഇടപെടാനാകില്ല. റോബര്‍ട്ട് വധേരയും ഡി.എല്‍.എഫും അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും പി.ചിദംബരം പറഞ്ഞു.