ചെന്നൈ: തമിഴ് ചലച്ചിത്ര നടി വിചിത്രയുടെ പിതാവിനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി. വിചിത്രയുടെ പിതാവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ വില്യംസാണ് (70) കൊല്ലപ്പെട്ടത്. വില്യംസിന്റെ ഭാര്യ വസന്തയെ (65) പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീപെരുമ്പത്തൂരിനടുത്ത സെല്ലംപട്ടിടൈയിലെ ഫാം ഹൗസില്‍ ഇന്നലെ അതിരാവിലെയാണ് സംഭവം നടന്നത്.

അതിരാവിലെ വാതിലില്‍ മുട്ടുന്നതുകേട്ട് കതകു തുറന്ന വില്യംസിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വസന്തയെ പിടിച്ചുതള്ളി. നിലത്ത് തലയടിച്ചുവീണ് അബോധാവസ്ഥയിലായ വസന്തയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത അക്രമികള്‍ വീട്ടിലെ അലമാരയിലുണ്ടായിരുന്ന പണവും കൈക്കലാക്കി.

വസന്തയുടെ 30 പവന്‍ സ്വര്‍ണാഭരണവും വീട്ടിലുണ്ടായിരുന്ന 10,000 രൂപയും കവര്‍ച്ച ചെയ്തു.മുഖംമൂടിയണിഞ്ഞ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയോടെ ഫാംഹൗസിലെത്തിയ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. കവര്‍ച്ചക്കാര്‍ ആന്ധ്ര സ്വദേശികളാണെന്ന് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടിലെ തര്‍ക്കമാണോ സംഭവത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നു.

വസന്തയെ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം നടി വിചിത്ര വീട്ടിലുണ്ടായിരുന്നില്ല.